കോവിഡ് പോസിറ്റീവായവര്‍ക്കും ജോലിക്ക് പോകാമെന്ന് ചൈന

ഹോങ്കോംഗ്-  കോവിഡ് പോസിറ്റീവായവര്‍ക്കും ജോലിക്ക് പോകാമെന്ന് വ്യക്തമാക്കി ചൈനയിലെ അധികൃതര്‍. മറ്റൊരു അടച്ചിടലിലൂടെ വീണ്ടും സാമ്പത്തികാവസ്ഥ തകിടംമറിയാതിരിക്കാനാണ് പുതിയ തീരുമാനം. നിലവില്‍ ദിവസവും പത്തുലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ അടച്ചിടല്‍ അഭികാമ്യമല്ലെന്നാണ് അധികൃതര്‍ കരുതുന്നത്.
ലക്ഷണങ്ങള്‍ ഇല്ലാത്തിടത്തോളം കോവിഡ് പോസിറ്റീവായവര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാമെന്നാണ് ഷിജിയാങ് പ്രവിശ്യയിലെ അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഒരുപടികൂടി മുന്നോട്ടു പോയ തീരുമാനമാണ് ചൈനയിലെ വലിയ നഗരങ്ങളിലൊന്നായ ചോങ് കിങ്ങിലെ അധികൃതര്‍ കൈക്കൊണ്ടത്. ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ടെസ്റ്റ് ചെയ്യാതെ ജോലിയില്‍ പ്രവേശിക്കാമെന്ന് അധികൃതര്‍ പറയുന്നു.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍, പനി ഇല്ലാത്തിടത്തോളം ടെസ്റ്റ് ചെയ്യാതെ ജോലിയില്‍ പ്രവേശിക്കാമെന്ന് ബെയ്ജിങ്ങിലെ അധികൃതരും വ്യക്തമാക്കി. നേരത്തേ ഐസൊലേഷനിലുള്ളവര്‍ തിരികെ ഓഫീസുകളില്‍ പ്രവേശിക്കുംമുമ്പ് നെഗറ്റീവ് ഫലം ലഭ്യമാക്കണമായിരുന്നു.

 

Latest News