വാഷിംഗ്ടണ്‍- അമേരിക്കയിലെ ഫ്‌ളോറിഡയില്‍ 38 കാരന്റെ മരണ കാരണം ഇ സിഗരറ്റ് സ്‌ഫോടനമാണെന്ന് കണ്ടെത്തി. ഈ മാസം അഞ്ചിനായിരുന്നു ടാള്‍മാഡ്ജ് ഡി ഏലിയയുടെ മരണം. വേപ്പ് പെന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ തലയോട്ടിയില്‍ വരെ കുത്തിക്കയറിയിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഫ്‌ളോറിഡയിലെ ബീച്ച് റിസോര്‍ട്ടായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കുടുംബ വസതിയില്‍ കിടപ്പുമുറിക്ക് തീപ്പിടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. 80 ശതമാനം പൊള്ളലേറ്റായിരുന്നു മരണമെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുകയും ആവിയും വലിച്ചുകയറ്റുന്ന വേപ്പ് പെന്‍ പൊട്ടിത്തെറിച്ച് ആദ്യമായാണ് അമേരിക്കയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. വേപ്പ് പേനയുടെ രണ്ട് കഷ്ണങ്ങള്‍ തലയോട്ടിയില്‍ കണ്ടെത്തിയിരുന്നു.
സ്‌ഫോടനം നടന്ന മുറിയില്‍നിന്ന് കുറഞ്ഞ തോതില്‍ മാത്രമാണ് പുക ഉയര്‍ന്നിരുന്നതെങ്കിലും മുറി പൂര്‍ണമായും കത്തിനശിച്ചിരുന്നു. സ്‌മോക് -ഇ മൗണ്ടെയിന്‍ നിര്‍മിച്ച ഇലക്ട്രോണിക് സിഗരറ്റാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. വിപണിയില്‍ ലഭ്യമായ വേപ്പ് പെന്‍ മാറ്റം വരുത്തിയാണ് ഡി ഏലിയ ഉപയോഗിച്ചിരുന്നത്. മറ്റു ഇ-സിഗരറ്റുകളില്‍നിന്ന് വ്യത്യസ്തമായി പരിഷ്‌കരണം കാരണം ബാറ്ററി, വോള്‍ട്ടേജ് നിയന്ത്രണം നഷ്ടമായിരുന്നു.