ബെലഗാവി- കോവിഡ് സാഹചര്യം മുതലെടുക്കാന്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്താനിടയുണ്ടെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ പ്രസ്താവന തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെ, കോവിഡ് കാരണം ബിജെപി സര്‍ക്കാര്‍ നേരത്തെയുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്ന് ശിവകുമാര്‍ അവകാശപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നാണ് ദൽഹിയിലെ നേതാക്കൾ നൽകുന്ന സൂചനയെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് കേന്ദ്ര നേതാക്കള്‍ തന്നോട് സംസാരിച്ചിട്ടില്ലെന്നും കാലാവധി പൂര്‍ത്തിയാകുന്നതിന് തെരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശമില്ലെന്നും മുഖ്യമന്ത്രി ബൊമ്മെ ബെലഗാവിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തംരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പോലീസ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ സൂദുമായി സംസാരിച്ചതായും ശിവകുമാര്‍ ഹുബ്ബള്ളിയില്‍ പറഞ്ഞിരുന്നു. 'കോവിഡ് ഉപയോഗിച്ച് അവര്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയേക്കാം. ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പോലീസ് ഡയറക്ടര്‍ ജനറലുമായി സംസാരിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം മന്ത്രിസഭാംഗങ്ങളുമായും സംസാരിച്ചു. ഇത് ഔദ്യോഗിക വിവരമല്ല, അനൗദ്യോഗികമാണ്- ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുക്കുന്നത് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.






