VIDEO സൗദിയില്‍ പ്രവാസിയെ കാറിടിച്ച് തെറിപ്പിച്ച് പിടിച്ചുപറി; പ്രതികള്‍ അറസ്റ്റില്‍

ദമാം - സൗദി അറേബ്യയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ പെട്ട സൈഹാത്തില്‍ വിദേശിയെ കാറിടിച്ച് തെറിപ്പിച്ച് പഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത് രക്ഷപ്പെട്ട രണ്ടംഗ സംഘത്തെ ഖത്തീഫ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റയാള്‍ ആശുപത്രി വിട്ടു.  ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വിജനമായ സമയത്ത് സൈഹാത്തിലെ റോഡ് സൈഡിലൂടെ നടന്നുപോകുന്നതിനിടെയാണ് വിദേശിയെ പിന്നിലൂടെ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിനു മുകളിലൂടെ ഉയര്‍ന്നുപൊങ്ങിയ വിദേശി ഫുട്പാത്തില്‍ ദേഹമടിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയും സഹയാത്രികനായ കൂട്ടാളി കാറില്‍ നിന്ന് ഇറങ്ങി വിദേശിയെ ദേഹപരിശോധന നടത്തി പഴ്‌സും മൊബൈല്‍ ഫോണും കൈക്കലാക്കി കാറില്‍ കയറുകയും ഇരുവരും കാറില്‍ സ്ഥലംവിടുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെടുകയും ചെയ്തു. വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു.

 

Latest News