ബംഗളൂരു- കോവിഡ് പടരുമെന്ന മുന്നറിയിപ്പുകള്‍ക്കു പിന്നാലെ കര്‍ണാടകയില്‍ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരിച്ച മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പനിയുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചൈന അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
കേന്ദ്രത്തില്‍നിന്ന് പുതിയ നിര്‍ദേശം വരുന്നത് വരെ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം റാന്‍ഡം ടെസ്റ്റിങ് നടത്തുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. കോവിഡ് വിശകലന യോഗത്തില്‍ മന്ത്രിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കോവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഴുവന്‍ ജില്ലാ ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യത്തോടെ പ്രത്യേക കോവിഡ് വാര്‍ഡുകള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ചെയ്തത് പോലെ സ്വകാര്യ ആശുപത്രികളുമായും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമായും യോജിച്ച് ചികിത്സക്ക് സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.