എംബാപ്പെയുടെ കറുപ്പും സംഘിയുടെ വെറുപ്പും

അനുപമമായ മാനവികതയുടെ പരിമളം ലോകത്തിന് പകർന്നു നൽകിക്കൊണ്ടാണ് ഖത്തർ വേൾഡ് കപ്പിന്റെ കൊടിയിറങ്ങിയത്. ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് വേൾഡ് കപ്പുകളുടെ ലക്ഷ്യമെന്ന് ഫിഫയുടെ മാന്വൽ വ്യക്തമാക്കിയിട്ടുണ്ട്. കറുത്തവനും വെളുത്തവനും പാശ്ചാത്യനും പൗരസ്ത്യനും വിവിധ മതങ്ങളിൽ പെട്ടവർക്കും ഭാഷകൾ സംസാരിക്കുന്നവർക്കും ഒരുപോലെ സംഗമിക്കാനും പരസ്പരം അറിയാനും അവസരം നൽകുക എന്ന വലിയ ദൗത്യമാണ് ഫിഫ ലോകകപ്പ് നിർവഹിച്ചുവരുന്നത്.  ലോകത്ത് ഇന്നേവരെ നടന്ന വേൾഡ് കപ്പ് മത്സരങ്ങളെല്ലാം ഈ സന്ദേശം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഫിഫ ഉയർത്തിപ്പിടിക്കുന്ന ഈ സന്ദേശം അതിന്റെ ഏറ്റവും മനോഹരമായ വിധത്തിൽ പ്രദർശിപ്പിക്കുവാനും കൈമാറാനും ഖത്തറിന് സാധിച്ചു എന്ന കാരണത്താൽ ഖത്തറിനെ ലോകം വാനോളം പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്.
ഇതെല്ലം സന്തോഷപൂർവം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സംഘ്പരിവാറുകാരൻ പുതിയ കണ്ടുപിടിത്തവുമായി വന്നിരിക്കുന്നത്. എംബാപ്പെ അടക്കമുള്ള ഫ്രാൻസിന്റെ കളിക്കാരുടെ തൊലിനിറം അങ്ങേർക്ക് പിടിച്ചില്ല. കറുത്ത പ്രേതങ്ങളാണത്രേ. കണ്ടാൽ പനിച്ചു പോകുമത്രേ. വെളുത്ത് തുടുത്ത സായിപ്പന്മാരെയാണത്രേ അങ്ങേർക്ക് പഥ്യം. പണ്ടുകാലം തൊട്ടേ ഇതാണല്ലോ സംഘ് ഏമാന്മാരുടെ വിധം. ബ്രിട്ടീഷുകാരുടെ തൊലിവെളുപ്പിലായിരുന്നല്ലോ ഇവരുടെ പൂർവഗാമികളും രമിച്ചിരുന്നത്. രക്തക്കറകൾ പുരണ്ട 'വെളുത്തുതുടുത്ത' സായിപ്പിന്റെ ഷൂവിൽ മനം ഭ്രമിച്ചുപോയ ഇവർക്ക് തൊലി കറുത്ത എംബാപ്പെയുടെ ഫുട്‌ബോൾ വിയർപ്പിന്റെ മാത്രം ഗന്ധമുള്ള ഗോൾഡൻ ബൂട്ടിനോട് ഒരു മനംപിരട്ടൽ ഉണ്ടാവുക സ്വാഭാവികമാണ്. 
കിലിയൻ എംബാപ്പെയെ കുറിച്ച് ഇയാൾക്കെന്തറിയാം? ആഫ്രിക്കയിലെ കറുത്ത മുത്തുകളിൽ ഒരാളായിരുന്ന വിൽഫ്രഡ് എംബാപ്പെക്ക് വടക്കൻ ആഫ്രിക്കയിലെ അൾജീരിയയിലെ വെളുത്ത മുത്തായ ഫായിസ അൽഅമ്മാരിയിൽ ജനിച്ച ഫുട്‌ബോൾ മുത്താണ് കിലിയൻ. നൈജീരിയയിൽ വേരുകളുള്ള എംബാപ്പെ കുടുംബാംഗമായ വിൽഫ്രഡ് കാമറൂണിലാണ് ജനിച്ചത്. പിന്നീട് ഫ്രാൻസിലേക്ക് കുടിയേറി ഇരട്ട പൗരത്വം നേടി.  കത്തോലിക്ക മതക്കാരനായ അദ്ദേഹം കാമറൂണിലെ ഒരു സാധാരണ ഫുട്‌ബോൾ കളിക്കാരനായിരുന്നു. പാരീസിലെ ബോണ്ടിയിൽ സ്ഥിരതാമസക്കാരനായ വിൽഫ്രഡ് അവിടെയുള്ള എ.എസ്. ബോണ്ടി ഫുട്‌ബോൾ ക്ലബുമായി സഹകരിച്ചു പ്രവർത്തിച്ചു. കാമറൂണിൽ നിന്നുള്ള മിടുക്കരായ കളിക്കാർക്ക് അവിടെ അവസരം ലഭ്യമാക്കി. 52 കാരനായ  അദ്ദേഹമിപ്പോൾ ക്ലബ്ബിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നു.
വടക്കൻ അൾജീരിയയിലെ കബൈൽ വംശജരിൽ പെട്ട ഒരു മുസ്ലിം കുടുംബത്തിലാണ് കിലിയൻ എംബാപ്പെയുടെ ഉമ്മ ഫായിസ അൽഅമ്മാരി ജനിച്ചത്. കബൈൽ വംശജരിൽ മഹാഭൂരിപക്ഷം ഫ്രാൻസിലേക്ക് കുടിയേറിയപ്പോൾ ഫായിസയുടെ കുടുംബവും പാരീസിലെ ബോണ്ടിയിൽ എത്തി. ഹാൻഡ്‌ബോൾ കളിക്കാരിയായി വളർന്ന ഫായിസയും ഫുട്‌ബോൾ കളിക്കാരനായ വിൽഫ്രഡും പരിചയക്കാരായി. അവർക്കിടയിൽ പ്രണയം മൊട്ടിട്ടു. വിൽഫ്രഡിനെയും ഫായിസയെയും അവർക്കിടയിലുണ്ടായിരുന്ന വർണ വ്യത്യാസമോ മതബോധമോ അകറ്റിയില്ല. കത്തോലിക്കക്കാരനും കറുത്ത നീഗ്രോ വംശജനുമായ വിൽഫ്രഡിനെയും മുസ്ലിമും വെളുത്ത കബൈൽ വംശജയായ ഫായിസയെയും അടുപ്പിച്ചത് ഫുട്‌ബോൾ-ഹാൻഡ്ബോൾ കായിക ബന്ധമായിരുന്നു.  എല്ലാറ്റിനുമുപരി അവർ സ്‌പോർട്‌സിനെയായിരുന്നു സ്‌നേഹിച്ചിരുന്നത് എന്നർത്ഥം. അവർക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ വർണത്തെ കുറിച്ചോ മതത്തെ കുറിച്ചോ അവർ ചിന്തിച്ചില്ല. കത്തോലിക്കാ മതം സ്വീകരിക്കാൻ വിൽഫ്രഡ് ഫായിസയെ നിർബന്ധിച്ചില്ല, ഫായിസ വിൽഫ്രഡിലും സമ്മർദം ചെലുത്തിയില്ല. ഈ ബന്ധത്തിൽ അവർക്ക് ജനിച്ച ആദ്യ സന്താനമാണ് കിലിയൻ.
2018 ലെ മോസ്‌കോ വേൾഡ് കപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരായപ്പോൾ അന്ന് ടീമിന് ആവേശോജ്വലമായ വിജയം സമ്മാനിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച കിലിയൻ എംബാപ്പെ എന്ന പത്തൊമ്പതുകാരൻ, ലഭിച്ച നാലര ലക്ഷത്തോളം പൗണ്ട് ഫ്രാൻസിലെ വളർന്നു വരുന്ന ഫുട്‌ബോൾ കൗമാരത്തിന്റെ ക്ഷേമങ്ങൾക്കായി സംഭാവന ചെയ്ത് മാതൃക കാണിച്ചു. ആ കൗമാരങ്ങളിൽ വെളുപ്പും കറുപ്പുമുണ്ടായിരുന്നു. എംബാപ്പെ ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: 'എന്റെ കുട്ടിക്കാലത്ത് വലിയ താരങ്ങളെ നോക്കി ഇതുപോലെയാവാൻ എന്ത് ചെയ്യണമെന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കുട്ടികൾ ഇന്നത്തെ താരങ്ങളെ നോക്കി ആശ്ചര്യപ്പെടുന്നതിന് പകരം അവർക്ക് വിജയിച്ചു മുമ്പോട്ട് പോകാൻ എന്ത് ചെയ്തുകൊടുക്കാൻ സാധിക്കുമെന്നാണ് ഞാൻ ചിന്തിക്കുന്നത്.'
രണ്ടു വർഷം മുമ്പ് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയും ഇസ്താംബൂളും തമ്മിൽ നടന്ന മത്സരത്തിൽ ഫോർത്ത് ഒഫീഷ്യൽ ഇസ്താംബൂളിന്റെ അസിസ്റ്റന്റ് കോച്ച് പിയറി വെബോക്കെതിരെ 'കറുത്തവൻ' എന്ന് ആക്രോശിച്ചപ്പോൾ വർണവ്യത്യാസമില്ലാതെ രണ്ടു ടീമിന്റെയും കളിക്കാർ ഒരുപോലെ കളി ബഹിഷ്‌കരിച്ച സംഭവം വർണവെറിയുടെ അപ്പോസ്തലന്മാർ മനസ്സിലാക്കേണ്ടതുണ്ട്. അതിനെത്തുടർന്ന് യുവേഫക്ക് ഫോർത്ത് ഒഫീഷ്യലിനെതിരെ നടപടി എടുക്കേണ്ടി വന്നു. എതിർ ടീമിലായിരുന്ന കിലിയൻ എംബാപ്പെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. 'സേയ് നോ ടു റേസിസം, വെബോ വീ ആർ വിത്ത് യു'.  കളിക്കാർ കളിക്കളത്തിൽ അങ്ങനെയാണ്. അവർക്കിടയിൽ റേസിസമില്ല.  അവർ പരസ്പരം സ്‌നേഹത്തിന്റെയും ആദരവിന്റെയും വർണരാജികളാണ് വിരിയിക്കുന്നത്. ഇത് മനസ്സിലാക്കാൻ സംഘ് പരിവാറിന് സാധിക്കില്ല. കാരണം അവർക്ക് അവരല്ലാത്ത എല്ലാവരോടും വെറുപ്പാണ്.

Latest News