സൗദി-ജോര്‍ജിയന്‍ സഹകരണം ശക്തമാക്കും; കിരീടാവകാശിയുമായി ചര്‍ച്ച നടത്തി

റിയാദ് - കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്‌ലി ഗാരിബാഷ്‌വിലിയും തമ്മില്‍ ചര്‍ച്ച നടത്തി. അല്‍യെമാമ കൊട്ടാരത്തില്‍ വെച്ചാണ് ജോര്‍ജിയന്‍ പ്രധാനമന്ത്രിയെ കിരീടാവകാശി സ്വീകരിച്ചത്. സൗദി അറേബ്യയും ജോര്‍ജിയയും തമ്മിലുള്ള സൗഹൃദബന്ധങ്ങളും വ്യത്യസ്ത മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം, ജോര്‍ജിയയിലെ സൗദി അംബാസഡര്‍ സല്‍മാന്‍ ആലുശൈഖ് എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.

 

 

Latest News