റിയാദ് - വിദേശങ്ങൡ നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 413 പേരെ ജിസാന്‍, അസീര്‍ പ്രവിശ്യകളില്‍ വെച്ച് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തതായി സെക്യൂരിറ്റി റെജിമെന്റ് വിഭാഗം അറിയിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 17 വരെയുള്ള രണ്ടര മാസക്കാലത്താണ് ഇത്രയും മയക്കുമരുന്നു കടത്തുകാര്‍ അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തുകാരില്‍ 310 പേര്‍ സൗദി പൗരന്മാരും 103 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരില്‍ 61 പേര്‍ യെമനികളും 40 പേര്‍ എത്യോപ്യക്കാരും രണ്ടു പേര്‍ പാക്കിസ്ഥാനികളുമാണ്. ഇവര്‍ കടത്താന്‍ ശ്രമിച്ച 955 കിലോ ഹഷീഷും 3,59,863 ലഹരി ഗുളികകളും 11.2 ടണ്‍ ഖാത്തും സുരക്ഷാ സൈനികര്‍ പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മറ്റൊരു സംഭവത്തില്‍, 30 കിലോ ഹഷീഷുമായി യെമനി യുവാവിനെ അസീര്‍ പ്രവിശ്യയില്‍ പെട്ട രിജാല്‍ അല്‍മഇലെ അല്‍ഹുറൈദ ചെക്ക് പോസ്റ്റില്‍ വെച്ച് സുരക്ഷാ സൈനികര്‍ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റില്‍ വെച്ച് യെമനിയുടെ വാഹനം സംശയം തോന്നി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്ക് പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.