ഓപ്പറേഷൻ തിയറ്ററിൽ കൊലപാതകം! അലമാരയിൽ യുവതിയുടെയും കട്ടിലിനടിയിൽ അമ്മയുടേയും മൃതദേഹം

അഹമ്മദാബാദ് - ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. യുവതിയായ മകളുടെ മൃതദേഹം ഓപ്പറേഷൻ തിയറ്ററിലെ അലമാരയിലും അമ്മയുടെ മൃതദേഹം ആശുപത്രിയിലെ കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. അഹമ്മദാബാദിലെ ഭുലാഭായ് പാർക്കിന് സമീപമുള്ള ആശുപത്രിയിൽ യുവതിയെയും അമ്മയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. 
 കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ചികിത്സയ്ക്കായാണ് ആശുപത്രിയിൽ എത്തിയതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എ.സി.പി മിലാപ് പട്ടേൽ പറഞ്ഞു.
 30 വയസ്സുള്ള മകളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. സി.സി.ടി.വി പരിശോധിച്ചപ്പോൾ യുവതി ഒറ്റയ്ക്കല്ല ആശുപത്രിയിൽ വന്നതെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മൻസൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 ഓപ്പറേഷൻ തിയേറ്ററിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജീവനക്കാർ അലമാര തുറന്നുനോക്കിയപ്പോഴാണ് അഴുകിയ നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ അമ്മയുടെ മൃതദേഹവും കണ്ടെത്തി. തുടർന്ന് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൻസൂഖിന് ഭാരതിവാലയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

Latest News