വാക്‌സിന്‍ കിട്ടാനില്ല, ഓറഞ്ച് കഴിച്ച്  കോവിഡിനെ തുരത്തുന്ന ചൈനക്കാര്‍ 

ഷാങ്ഹായ്- നിയന്ത്രണമില്ലാതെ കോവിഡ് പെരുകിയതോടെ ചൈനക്കാര്‍ക്ക് നാരങ്ങയോടും പേരയ്ക്കയോടും പ്രിയം കൂടി. കോവിഡ് വ്യാപനം രൂക്ഷമായ ബീജിംഗിലും ഷാങ്ഹായിലും ഇവയുടെ വില്‍പന വന്‍തോയില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധ വാക്‌സിന്‍ കിട്ടാത്തതിനാല്‍ പ്രകൃതിദത്ത പരിഹാരമാര്‍ഗമെന്ന നിലയിലാണ് ജനങ്ങള്‍ ഇവ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനൊപ്പം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ആവശ്യം ഏറിവരികയാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കോവിഡിനെ പ്രതിരോധിക്കും എന്ന പ്രചാരണമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പഴങ്ങള്‍ കഴിഞ്ഞാല്‍ പനിയ്ക്കുള്ള മരുന്നുകള്‍ക്കും വേദന സംഹാരികള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതോടെ ചൈനയില്‍ കോവിഡ് കുതിച്ചുയരുകയാണ്. ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കൂടിക്കിടക്കുകയാണ്. 
കോവിഡ് വ്യാപനത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ വ്യക്തമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ലാത്തതിനാല്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. 

Latest News