Sorry, you need to enable JavaScript to visit this website.

രാജകീയ വിവാഹത്തിന് കല്ലുകടി,  മേഗന്റെ പിതാവിന് ഹാര്‍ട്ട് സര്‍ജറി 

വിവാഹത്തിന് രണ്ടു ദിവസം ബാക്കിനില്‍ക്കേ മേഗന്‍ മാര്‍ക്കിളിന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ ചടങ്ങിനുണ്ടാവില്ലെന്ന കാര്യം ഉറപ്പായി. ബുധനാഴ്ച നടക്കുന്ന ഹൃദയ സര്‍ജറിയെത്തുടര്‍ന്നാണ് പിതാവ് ചടങ്ങില്‍ നിന്നും ഒഴിഞ്ഞത്. ഹൃദയത്തിലുണ്ടായ ബ്ലോക്ക് നീക്കി സ്‌റ്റെന്‍ഡ് ഇടാനുള്ള പ്രക്രിയയാണ് നടക്കുകയെന്ന് 73കാരനായ മാര്‍ക്കിള്‍ വ്യക്തമാക്കി. വിവാഹദിനത്തില്‍ തോമസ് മാര്‍ക്കിള്‍ ആശുപത്രിയിലായിരിക്കും. തോമസ് മാര്‍ക്കിള്‍ രാജകീയ വിവാഹത്തില്‍ പങ്കെടുക്കുമോ, ഇല്ലയോ എന്നത് സംബന്ധിച്ച് ആഴ്ചകളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തിയായത്. വിവാഹ ചടങ്ങുകളില്‍ തനിക്കൊപ്പം ഉണ്ടാകണമെന്ന മെഗാന്റെ അഭ്യര്‍ത്ഥനകള്‍ ഇദ്ദേഹം സ്വീകരിക്കും എന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ഹൃദയ സര്‍ജറി വാര്‍ത്ത വരുന്നത്.
തന്റെ നെഞ്ചുവേദനയ്ക്കു കാരണം മകന്‍ തോമസ് ജൂനിയര്‍ ഹാരിയ്ക്ക് എഴുതിയ കത്താണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മേഗനെ വിവാഹം കഴിക്കരുതെന്നാണ് തോമസ് ജൂനിയര്‍ ഹാരിയ്ക്ക് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടത്. സഹോദരി കപടനാട്യക്കാരിയാണെന്നും രാജകുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാകും ഈ വിവാഹമെന്നും, ഒഴിയാന്‍ ഇനിയും വൈകിയിട്ടില്ലെന്നും വരെ ഇയാള്‍ കത്തില്‍ എഴുതി. പിന്നീട് മാപ്പ് പറഞ്ഞ് മറ്റൊരു കത്തും തോമസ് ജൂനിയര്‍ പുറത്തുവിട്ടു. കല്ല്യാണം വിളിക്കാത്ത രോഷത്തില്‍ എഴുതിപ്പോയതാണെന്നായിരുന്നു വിശദീകരണം.
19 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലിലാണ് വിവാഹ ചടങ്ങ്. 12 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് 1 മണിക്ക് അവസാനിക്കുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം വ്യക്തമാക്കി. വിവാഹ ചടങ്ങിന് ശേഷം നവദമ്പതികള്‍ വിന്‍ഡ്‌സറില്‍ കുതിരവണ്ടിയില്‍ നഗര പ്രദക്ഷിണം നടത്തും. ദമ്പതികളെ കാണാനും ആശംസ അര്‍പ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പതിനായിരങ്ങള്‍ ഒഴുകിയെത്തും.നഗരപ്രദക്ഷിണം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സെന്റ് ജോര്‍ജ്ജ് ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിരുന്നു നല്‍കും.

Latest News