തൊടുപുഴ-റോഡ് പണിക്കിടെ ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലീവിലായിരുന്നതിനാല്‍ പകരം ചുമതല നല്‍കിയിരുന്നത് ഓവര്‍സീയര്‍ക്കാണെന്നാണ് ഉദ്യോഗസ്ഥര്‍ പോലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകാന്‍ ഓവര്‍സീയര്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയത്.
ഓവര്‍സീയറുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കേസില്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റ് നടപടികള്‍. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഇന്നലെ രാവിലെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഓവര്‍സീയര്‍ക്ക് സംഭവത്തില്‍ ഉത്തരവാദിത്വം ഉള്ളതിനാല്‍ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ഓവര്‍സിയറെ നാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
കുറ്റക്കാരനാണെന്ന് പോലീസ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാഹചര്യത്തില്‍ കരാര്‍ ഏറ്റെടുത്ത നസീര്‍. പി. മുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. പരാതിക്കാരനായ ജോണി ജോര്‍ജിന്റെ മൊഴിയും പോലീസ് ഇന്നലെ രേഖപ്പെടുത്തി. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരടക്കം നാല് ഉദ്യോഗസ്ഥരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. ഞായറാഴ്ച ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. റോഡില്‍ ബാരിക്കേഡ് വച്ചിട്ടുണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പോലീസിനെ ധരിപ്പിച്ചത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി.