ഇവര്‍ ദുബായില്‍ തന്നെയുണ്ടോ? ഉദിനൂരിലെ ദമ്പതികളെയും നാല് മക്കളെയും കാണാതായി

കാസര്‍കോട്- ഉദിനൂരിലെ ഒരു കുടുംബത്തിലെ ആറു പേരെ വിദേശത്ത് കാണാതായെന്ന് പരാതി. നാല് മാസത്തില്‍  അധികമായി കാണാതായ ഈ കുടുംബം തീവ്രവാദ സംഘടനയായ ഐസിസില്‍  ചേര്‍ന്നിരിക്കയാണോയെന്ന്  ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചു.  ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉദിനൂര്‍ പരത്തിച്ചാലിലെ മുഹമ്മദ് ഷബീര്‍, ഭാര്യ റിസ് വാന, ഇവരുടെ നാല് മക്കള്‍ എന്നിവരെയാണ് കാണാതായത്.
മുഹമ്മദ് ഷബീര്‍ 10 വര്‍ഷമായി ഗള്‍ഫിലാണ്.  നാല് വര്‍ഷം മുമ്പ് നാട്ടില്‍ എത്തിയ ഇയാള്‍ ഭാര്യയെയും മക്കളെയും കൂട്ടി പോകുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും
അതിന് ശേഷം നാല് മാസമായി  കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയില്ലെന്നാണ് പറയുന്നത്. ഇവരുടെ വിദേശ യാത്ര സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.
അതേസമയം ദമ്പതികളും മക്കളുംദുബായില്‍ തന്നെ ഉണ്ടെന്ന് അടുത്ത ബന്ധുക്കളില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ എങ്ങോട്ട് പോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.മുമ്പത്തെ പോലെ വളരെ പെട്ടെന്ന് ഐഎസില്‍ എത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും പറയുകയാണ് അന്വേഷണ സംഘം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ഏതാനും പേര്‍ അഫ്ഗാനിലേക്ക് കടന്നിരുന്നു. അവരില്‍ പലരും അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

Latest News