റിയാദ് - അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം വിലക്കിയുള്ള താലിബാന്‍ ഗവണ്‍മെന്റിന്റെ തീരുമാനം ഖേദകരവും ആശ്ചര്യകരവുമാണെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സുരക്ഷക്കും സ്ഥിരതക്കും വികസനത്തിനും അഭിവൃദ്ധിക്കും സഹായിക്കുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം അടക്കം അഫ്ഗാന്‍ വനിതകള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നതിന് വിരുദ്ധവും, എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലും ആശ്ചര്യം ഉയര്‍ത്തുകയും ചെയ്യുന്ന ഈ തീരുമാനം അഫ്ഗാന്‍ ഗവണ്‍മെന്റ് പിന്‍വലിക്കണമെന്ന് സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
പെണ്‍കുട്ടികള്‍ക്കു മുന്നില്‍ യൂനിവേഴ്‌സിറ്റികള്‍ കൊട്ടിയടക്കാനുള്ള അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം താഹ അപലപിച്ചു. അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ നടപടി ഒ.ഐ.സിക്ക് വലിയ ആശങ്കയുണ്ടാക്കുന്നതായും ഹുസൈന്‍ ഇബ്രാഹിം താഹ പറഞ്ഞു. ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനെതിരെ അഫ്ഗാന്‍ ഗവണ്‍മെന്റിന് ഒ.ഐ.സി സെക്രട്ടറി ജനറലും അഫ്ഗാനിസ്ഥാനിലേക്കുള്ള ഒ.ഐ.സിയുടെ പ്രത്യേക ദൂതനും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഒ.ഐ.സി പറഞ്ഞു.