തിരുവനന്തപുരം - കേരളത്തിൽ കോവിഡ് കേസുകൾ കുറവാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു രാജ്യങ്ങളിൽ കോവിഡ് വർധിച്ചുവരുന്നതിനാലാണ് സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. നാം പഠിച്ച പാഠങ്ങൾ മറക്കരുത്. ലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങളുള്ളവരോട് ജാഗ്രത കൈവെടിഞ്ഞ് ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. കോവിഡ് വ്യാപനത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല. രണ്ടുവർഷക്കാലയളവിൽ ഏറ്റവും കുറവ് ആളുകളാണ് ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിലുള്ളത്. എങ്കിലും കോവിഡ് കേസുകളിൽ വർധനയുണ്ടാകുന്നുവോ എന്ന് ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.