വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ തീർത്തും വ്യക്തിപരമായ വിഷയങ്ങളിൽ മാത്രമാണ് പേഴ്‌സണൽ ലോ എന്ന വ്യക്തി നിയമങ്ങൾ നിലനിൽക്കുന്നത്. മതപരമായി മാത്രമല്ല, ഭാഷാപരമായും പ്രാദേശികമായും പാരമ്പര്യമായും ഇതിന്റെ വേരുകൾ ശക്തമാണ്. പലപ്പോഴും മുസ്‌ലിം വിരുദ്ധതയാണ് ഏക സിവിൽ കോഡ് പ്രയോഗത്തിൽ പ്രകടമാകാറുള്ളത്.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം ഒരു തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണ്. ഇന്ത്യയിൽ ഇപ്പോൾ തന്നെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഏകീകൃത സിവിൽ, ക്രിമിനൽ നിയമങ്ങൾ നിലവിലുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുമെന്ന് പറയുന്നതും തട്ടിപ്പാണ്. ദേശീയ നിയമങ്ങൾ പാർലമെന്റ് ആണ് പാസാക്കേണ്ടത്. സംസ്ഥാനങ്ങളല്ല. ഇവരൊക്കെ സങ്കൽപിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും വ്യക്തിനിയമത്തെ കുറിച്ചാണ്. 'പേഴ്‌സണൽ ലോ,' ഹിന്ദുക്കൾക്കിടയിൽ പോലും ഇത് ഏകീകരിക്കാൻ കഴിയുകയില്ലെന്നതാണ് സത്യം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയ ധ്രുവീകരണത്തിനായി എന്തെങ്കിലും ഒരു പ്രശ്‌നം എടുത്തിടുന്ന സ്വഭാവമുണ്ട്. സ്വാതന്ത്ര്യ പ്രാപ്തി മുതൽക്കുള്ള പ്രവണതയാണിത്. ഗോവധ നിരോധനമായിരുന്നു വളരെക്കാലം ചർച്ച ചെയ്യപ്പെട്ടിരുന്നത്. ഇന്ന് ഇപ്പോൾ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനമുണ്ട്. എന്നാൽ റോഡിൽ ഒരിടത്തും നായ്ക്കളെ പോലെ പശുക്കൾ അലഞ്ഞു നടക്കുന്നില്ല. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം മാംസ കയറ്റുമതി നാൽപത് ശതമാനത്തോളം വർധിച്ചു. ബ്രസീൽ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നമുക്കാണ്. ഇന്ത്യയിൽ അറബ് - മുസ്‌ലിം പേരുകളിൽ അറിയപ്പെടുന്ന കമ്പനികളാണ്് മാംസക്കയറ്റുമതിക്കാരെല്ലാം. അവരൊന്നും മുസ്‌ലിംകളല്ല.
ഇതെല്ലാം കൂട്ടിവായിച്ചാൽ കാര്യം വ്യക്തമാകും. ഗോവധത്തിന്ന് മാർക്കറ്റ് കുറഞ്ഞപ്പോൾ രാമക്ഷേത്ര നിർമാണം വന്നു. സന്ദർഭവശാൽ പറയട്ടെ, രാമക്ഷേത്ര നിർമാണത്തിന്നു മുസ്‌ലിം സമൂഹം എതിരായിരുന്നില്ല. അതിന്റെ സ്ഥാനം സംബന്ധിച്ചു മാത്രമായിരുന്നു പ്രശ്‌നം. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിന്ന് പകരം അത് വൈകാരികമാക്കി ജനങ്ങളിലേക്ക് എറിഞ്ഞു കൊടുക്കാനാണ് തൽപര കക്ഷികൾ ആവേശം കാണിച്ചത്. രാജ്യത്തിന്റെ പ്രതിഛായക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്. സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ ബാബ്‌രി മസ്ജിദ് നിന്നിരുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നതിന് യാതൊരു സൂചനയും ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന 142 പ്രത്യേക അധികാരമുപയോഗിച്ച് ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. വിധി ആഘോഷിച്ച കാര്യം അന്നത്തെ ചീഫ് ജസ്റ്റിസ് തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ദൽഹിയിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലിൽ ഏറ്റവും വില കൂടിയ മദ്യം വിളമ്പി ആഘോഷിച്ചു. അതിന്റെ മുഴുവൻ പണവും താൻ തന്നെ നൽകി. അതു കൂടി അവസാനിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും കിട്ടാതെ വന്നപ്പോഴാണ് ഇപ്പോൾ വ്യക്തി നിയമത്തിൽ കയറിപ്പിടിച്ചത്. ഗോവധം, ബാബ്‌രി മസ്ജിദ്, ഏക സിവിൽ കോഡ് തുടങ്ങിയവയെല്ലാം ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രശ്‌നങ്ങളാണ്. അത് മതകാര്യമാക്കുന്നതിന്റെ രാഷ്ട്രീയം വിവേകമുള്ളവർ തിരിച്ചറിഞ്ഞു ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് നാടിന്റെ ഭാവിക്ക് തന്നെ അനിവാര്യമാണ്. വ്യക്തിനിയമങ്ങളെ ഏക സിവിൽ കോഡ് എന്ന് ദുർവ്യാഖ്യാനം ചെയ്തു വിളിക്കുന്നതിന്റെ രാഷ്ട്രീയം ഇവിടെയാണ് ഒളിഞ്ഞിരിക്കുന്നത്.
ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ വ്യക്തി നിയമങ്ങളുടെ ഏകീകരണം ഒരിക്കലും സാധിക്കില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രമായി എടുത്താൽ പോലും ഇത് നടപ്പില്ല. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ തീർത്തും വ്യക്തിപരമായ വിഷയങ്ങളിൽ മാത്രമാണ് പേഴ്‌സണൽ ലോ എന്ന വ്യക്തി നിയമങ്ങൾ നിലനിൽക്കുന്നത്. മതപരമായി മാത്രമല്ല, ഭാഷാപരമായും പ്രാദേശികമായും പാരമ്പര്യമായും ഇതിന്റെ വേരുകൾ ശക്തമാണ്. പലപ്പോഴും മുസ്‌ലിം വിരുദ്ധതയാണ് ഏക സിവിൽ കോഡ് പ്രയോഗത്തിൽ പ്രകടമാകാറുള്ളത്. എന്നാൽ ഇന്ത്യയിലെ ഓരോ മതവിഭാഗത്തിനും പ്രത്യേകം വ്യക്തി നിയമങ്ങൾ ഉണ്ട്. രാജ്യത്ത് എല്ലാം ഒന്നുമതി എന്നാണ് പ്രചാരണം. പിന്നെ എന്തിന് മുസ്‌ലിംകൾക്ക് മാത്രമായി മോഡി സർക്കാർ അത് മുത്തലാഖ് എന്ന പേരിൽ ക്രിമിനൽ നിയമമാക്കി എന്ന ചോദ്യം അവശേഷിക്കുന്നു.
1955-56 കാലഘട്ടത്തിൽ ഹിന്ദു പീനൽ കോഡ് പാർലമെന്റ് പാസാക്കുകയുണ്ടായി. ഇത് ഹിന്ദുക്കൾക്ക് മാത്രമുള്ള നിയമങ്ങളാണ്. ഹിന്ദു വിവാഹം, ഹിന്ദു പ്രായപൂർത്തി - രക്ഷകർതൃത്വ നിയമം, ദത്താവകാശം, പരിപാലനം, പിന്തുടർച്ചവകാശം തുടങ്ങിയവക്കെല്ലാം നിയമവ്യവസ്ഥ ഉണ്ടായി. തുടക്കം മുതൽ തന്നെ ഇത് വിവാദമായിരുന്നു. വിവാഹ ആചാരങ്ങൾ പല വിഭാഗങ്ങളിലും ഇപ്പോഴും വ്യത്യസ്തമാണ്. ജാതകം നോക്കി വിവാഹം നടത്തുമ്പോൾ തന്നെ അത് അന്ധവിശ്വാസമായി കരുതുന്നവരുണ്ട്. യഥാസ്ഥിതികനാണ് നിയമം നിർമിക്കുന്നതെങ്കിൽ അയാൾ ജാതകം നിർബന്ധമാക്കിയെന്നിരിക്കും. അങ്ങനെ ഒരുപാട് വൈവിധ്യങ്ങൾ ഹിന്ദുക്കൾക്കിടയിൽ തന്നെയുണ്ട്. ഇവയെല്ലാം നിയമത്തിലൂടെയല്ല, ബോധവൽക്കരണത്തിലൂടെയാണ് കൈകാര്യം ചെയ്യേണ്ടത്.
സ്വത്ത് വീതിക്കുന്നതിലും പ്രശ്ങ്ങളുണ്ട്. ഉന്നത വിഭാഗത്തിൽ പെട്ടവർ താഴ്ന്ന ജാതിയിൽ പെട്ടവരെ വിവാഹം കഴിക്കുമ്പോൾ തറവാട്ടുസ്വത്ത് നഷ്ടപ്പെടുന്നത് തടയാൻ മരുമക്കത്തായ സമ്പ്രദായവും പെൺമക്കത്തായവും ഒക്കെ നിലനിർത്തുന്ന വിഭാഗക്കാരുണ്ട്. മൃതദേഹം ദഹിപ്പിക്കുന്നവരും കുഴിച്ചുമൂടുന്നവരും പഠനത്തിന്ന് വിട്ടുനൽകുന്നവരുമുണ്ട്.
ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ ഇസ്‌ലാമിക കാഴ്ചപ്പാടിലുള്ള ലളിതവും ചെലവ് കുറഞ്ഞതുമായ വിവാഹ മോചന വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതാണ് ഉചിതമെന്ന് കേരള ഹൈക്കോടതി നിർദേശിക്കുകയുണ്ടായി (ഡിവിഷൻ ബെഞ്ച്, ജസ്റ്റിസ് ആർ. ബസന്ത്, ജസ്റ്റിസ് എം.സി. ഹരിറാണി - മാർച്ച് 2010). വിശ്വാസപരമായും സാമൂഹ്യവുമായുമുള്ള മാറ്റങ്ങൾ അതാതു സമുദായങ്ങളിൽ നിന്ന് വരണം. സർക്കാർ വാളെടുക്കരുത്.






