കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 137 കോടിയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഏറെയും രണ്ടായിരത്തിന്റേതായിരുന്നു.
ഏതാനും വർഷങ്ങൾക്കപ്പുറം നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ കടന്നു വന്നതാണ് രണ്ടായിരത്തിന്റെ നോട്ടുകൾ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടെന്നൊന്നും ഇതിനെ വിളിക്കാനാവില്ല. കാരണം, പണ്ടിവിടെ പതിനായിരത്തിന്റെ നോട്ടുണ്ടായിരുന്നു. ഏതായാലും തിരുപ്പിറവി വലിയ ആഘോഷമായിരുന്നു. കണ്ടാൽ ഒരു ബഉസുമില്ലാത്ത സാധനം. ശിവകാശിയിലെ ഏതെങ്കിലും കളർ പ്രസിൽ ഇതിലും നല്ലത് സുന്ദരമായി അച്ചടിക്കാമെന്ന് ചില വിമർശകർ പറഞ്ഞുകേട്ടിരുന്നു. ന്യൂനാൽ ന്യൂനപക്ഷമായ വിമർശകരെ ആര് മൈൻഡ് ചെയ്യുന്നു. ഇതിലെ സ്തുതി ഗീതങ്ങളായിരുന്നു വന്ന കാലത്ത് അന്തരീക്ഷത്തിലെവിടെയും.
കള്ളനോട്ടുകാരനോട് കടക്കു പുറത്ത് എന്നു പറയാൻ ശേഷിയുള്ള കേമനാണിവൻ. പാക്കിസ്ഥാനിലെ ലാഹോറിലോ, പെഷാവറിലോ ഇരുന്ന് ആരെങ്കിലും ഇത് അച്ചടിക്കാൻ തുനിഞ്ഞാൽ ദൽഹിയിലും മുംബൈയിലുമുള്ള ബന്ധപ്പെട്ട അധികൃതർക്ക് തൽക്ഷണം വിവരം കിട്ടും.
ഇതിൽ ഘടിപ്പിച്ച ചിപ്പിന്റെ മഹിമയാണ് ഈ സൗകര്യമൊരുക്കുന്നത്. അധികൃതർ കേൾക്കാൻ പാകത്തിൽ ആദ്യം അലാറവും പിന്നീട് സൈറനും മുഴങ്ങും. ഏതായാലും കൈയിൽ കിട്ടിയാൽ ആദ്യം ഒഴിവാക്കാൻ സാധാരണക്കാരെ പ്രേരിപ്പിച്ച എന്തൊക്കെയോ പുറത്ത് അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത സവിശേഷതയും ഈ നോട്ടിനുണ്ടായിരുന്നു. വേഗം മുഷിയും. ഇതിലും നല്ലതായിരുന്നു നമ്മളൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ നിന്ന് നിത്യേന അനുവദിച്ചിരുന്ന രണ്ടു രൂപ നോട്ട്. തൊടാൻ തന്നെ എന്ത് സുഖം.
റോസും വെള്ളയും കളർ. കട്ടിയുള്ള അച്ചടിക്കടലാസ്. പർച്ചേസിംഗ് പവറിന്റെ കാര്യം പറയാനുമില്ല. സിറ്റി ബസിൽ കോളേജിൽ പോയി തിരികെ വരാം, കാന്റീനിൽ കയറി ചായയും പലഹാരവും ഊണും കഴിക്കാം.
ഇതെല്ലാം കഴിഞ്ഞ് വൈകിട്ട് മസാല ദോശയും ചായയും ടൗണിലെ ഹോട്ടലിൽ നിന്ന് കഴിക്കാം. ഇതായിരുന്നു ഐശ്വര്യമുള്ള പഴയ രണ്ടു രൂപ നോട്ടിന്റെ പവർ. 2016 ലെ നോട്ട് നിരേധന കാലത്ത് വന്ന രണ്ടായിരത്തിന്റെ നേർത്ത കടലാസിനെ ഇപ്പോൾ അധികമൊന്നും കാണാനില്ല. വൈകാതെ ഇത് വിസ്മൃതിയിലാവുമെന്ന പൊതുബോധം രൂപപ്പെട്ടിട്ടുമുണ്ട്.
2016 ൽ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾക്ക് പകരമായാണ് 2000 രൂപ നോട്ട് റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഇതോടൊപ്പം പുതിയ 500 രൂപ നോട്ടും അവതരിപ്പിച്ചിരുന്നു. പിന്നീട് 2000 രൂപ നോട്ടിന്റെ ലഭ്യത കുറഞ്ഞതായാണ് അനുഭവം.
എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകളായിരുന്നു ലഭിച്ചത്. ഇതിനിടെ 2000 രൂപ നോട്ടിന്റെ അച്ചടി മൂന്ന് വർഷമായി നിർത്തിവെച്ചിരിക്കുകയാണെന്ന ചില റിപ്പോർട്ടുകളുമെത്തി.
ഭരിക്കുന്നത് ബി.ജെ.പിയാണെങ്കിലും പാർട്ടിയുടെ വലിയ വിമർശകർ അതിനകത്ത് തന്നെയുണ്ടെന്നത് ശ്രദ്ധേയമാണ്. തമിഴകത്തെ സുബ്രഹ്മണ്യൻ സ്വാമിയായിരുന്നു പ്രധാനി. അധികാരത്തിലേറിയ കാലം മുതൽ ഉപദേശങ്ങൾ നൽകി വരികയായിരുന്നു സ്വാമി. ആരും കേൾക്കാനില്ലാതെ വന്നാൽ സ്വാമി എന്ത് ചെയ്യാനാണ്. ഗുജറാത്തിലെ അഹമ്മദാബാദിന്റെ പേര് അടിയന്തരമായി മാറ്റണമെന്നതായിരുന്നു പ്രധാന ശുപാർശ. അത് സരസ്വതി നഗർ എന്നാക്കണമെന്ന് നിർദേശിച്ചത് കേട്ട ഭാവമില്ല. അലഹബാദിന്റെ പേര് പ്രയാഗ്‌രാജെന്നാക്കാനൊക്കെ മാറ്റാൻ നല്ല ഉത്സാഹമായിരുന്നു.
പറഞ്ഞാൽ കേൾക്കാത്തവർ അനുഭവിച്ചോട്ടെ. ഇപ്പോൾ സ്വാമിയേക്കാൾ ഷൈൻ ചെയ്യുന്നത് രാജ്യസഭാംഗം സുശീൽ മോഡിയാണ്. അദ്ദേഹം 2000 നോട്ടിനെപ്പറ്റിയും പാർലമെന്റിൽ പറഞ്ഞു.
2000 രൂപ കറൻസിയുടെ പ്രചാരവും വിതരണവും നിർത്തലാക്കണമെന്ന് ബിജെപി എം.പി സുശീൽ കുമാർ മോഡി രാജ്യസഭയിലാണ് പറഞ്ഞത്. 2000 രൂപയുടെ കറൻസി നോട്ട് തീവ്രവാദ ഫണ്ടിംഗിനും മയക്കുമരുന്ന് കടത്തിനും കള്ളപ്പണം പൂഴ്ത്തിവെക്കുന്നതിനുമായി ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
2000 രൂപ നോട്ട് ഘട്ടം ഘട്ടമായി പിൻവലിക്കണമെന്നാണ് ആവശ്യം. 2000 രൂപയുടെ കറൻസി നോട്ടുകൾ കൈവശം വെച്ചിരിക്കുന്ന പൗരന്മാർക്ക് അവ മാറാൻ രണ്ട് വർഷത്തെ സമയം നൽകണമെന്നും അദ്ദേഹം രാജ്യസഭയുടെ ശൂന്യവേളയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അമേരിക്കയും ജപ്പാനും പോലുള്ള വികസിത രാജ്യങ്ങൾ 100 ന് മുകളിൽ ഉള്ള കറൻസി ഉപയോഗിക്കുന്നില്ല എന്നും അതിനാൽ ഇത് നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗ്, നികുതിവെട്ടിപ്പ് തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ഇത് അത്യാവശ്യമാണ്.
ഇന്ത്യ ഡിജിറ്റൽ ഇടപാടുകളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ, വലിയ തുകകളുടെ സെറ്റിൽമെന്റുകൾക്കും 2000 രൂപയുടെ ഉയർന്ന മൂല്യമുള്ള കറൻസി നോട്ടിന്റെ ആവശ്യകത പരിമിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടയ്ക്കാണ് 2000 കേന്ദ്രം നിരോധിക്കുമെന്നും പഴയ ആയിരം തിരികെ എത്തുമെന്നും വ്യാപകമായി കിംവദന്തി പ്രചരിക്കുന്നത്.
2023 ജനുവരി 1 മുതൽ 1000 രൂപ നോട്ടുകൾ തിരികെ വരുമെന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. 2000 രൂപ നോട്ടുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായും പകരം ആയിരത്തിന്റെ നോട്ടുകൾ വിപണിയിൽ മടങ്ങിയെത്തും എന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്ന വീഡിയോ സന്ദേശത്തിലുള്ളത്. 2018-19 മുതൽ 2000 രൂപയുടെ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് പുതിയ ഇൻഡന്റ് സ്ഥാപിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഇത് വൈറലായതോടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുത പരിശോധന യൂനിറ്റായ പിഐബി ഫാക്റ്റ് ചെക്ക് വിഷയത്തിൽ ഇടപെട്ട്് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ''ജനുവരി 1 മുതൽ 1000 രൂപ നോട്ടുകൾ വരുമെന്നും 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തുമെന്നും സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ അവകാശപ്പെടുന്നു. ഈ അവകാശവാദം വ്യാജമാണ്. ദയവായി ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ ആർക്കും ഫോർവേഡ് ചെയ്യരുത്. കേന്ദ്ര സർക്കാർ 2000 രൂപ നോട്ടുകൾ നിരോധിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല, പിഐബിയുടെ ട്വീറ്റ് പറയുന്നു.
എന്നാൽ 2000 രൂപയുടെ നോട്ടുകൾ സംബന്ധിക്കുന്ന ചില നിർണായക വിവരങ്ങൾ ഇതിനോടകം ആർബിഐ പങ്കുവെച്ചിട്ടുണ്ട്. 2019-2022 മുതൽ പുതിയ 2000 രൂപയുടെ കറൻസി നോട്ടുകൾ അച്ചടിച്ചിട്ടില്ല.
ആർബിഐ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് വ്യാജ കറൻസി നോട്ടുകളുടെ എണ്ണം വർധിച്ചു. എൻസിആർബി കണക്കുകൾ പ്രകാരം രാജ്യത്ത് പിടികൂടിയ 2000 രൂപയുടെ വ്യാജ കറൻസി നോട്ടുകളുടെ എണ്ണം 2016 നും 2020 നും ഇടയിൽ 2272 ൽ നിന്ന് 2,44,834 ആയി വർധിച്ചതായി അടുത്തിടെ പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകിയിരുന്നു.
2016 നവംബർ 8 ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധനം അമ്പേ പാളിയെന്നതിന് കറൻസി വിനിമയം വൻതോതിൽ വർധിച്ചത് തന്നെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കാനും വേണ്ടിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
നോട്ട് നിരോധനമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം ആറാണ്ട് പൂർത്തിയായപ്പോഴും കറൻസി ഉപയോഗം ഉയർന്നു തന്നെയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ വർഷം ഒക്ടോബർ എട്ടിന് പുറത്തിറക്കിയ സ്ഥിതിവിവരമനുസരിച്ച് പൊതുജനങ്ങൾ തമ്മിൽ വിതരണം ചെയ്യുന്ന കറൻസിയുടെ മൂല്യം 28 കോടിയിലധികം രൂപ വരും. നോട്ടുനിരോധനം നടന്ന 2016 നവംബർ ആദ്യവാരം 17.97 ലക്ഷം കോടി മാത്രമായിരുന്നു.
ഇന്ത്യയിലിപ്പോഴും വ്യാപകമായി കള്ളനോട്ടുകൾ പ്രചരിക്കുന്നു. 137 കോടി രൂപയുടെ കള്ളനോട്ടുകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പിടികൂടിയത്.
ഇതിൽ ഭൂരിഭാഗവും രണ്ടായിരിത്തിന്റേതായിരുന്നു. അഞ്ഞൂറിന്റേതും ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുന്നു.
വ്യാജ നോട്ടുകൾ പ്രചരിക്കുന്നത് തടയാൻ റിസർവ് ബാങ്ക് കർശന നടപടികളെടുത്തിട്ടുണ്ടെന്നാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്.






