ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കാണാനില്ല; ബിജെപി ചാക്കിട്ടെന്ന് സൂചന

ജെഡിഎസ്-കോണ്‍ഗ്രസ് സംയുക്ത പ്രതിഷേധം

ബംഗളൂരു- ബിജെപി മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റെടുത്തതിനു പിന്നാലെ കര്‍ണാടക നിയമസഭയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച നിയുക്ത എംഎല്‍എമാരുടെ പ്രതിഷേധ പരിപാടിയില്‍ ഒരു എംഎല്‍എയെ കാണാനില്ല. വിജയനഗര മണ്ഡലത്തില്‍ ജയിച്ച ആനന്ദ് സിങ് ഒഴികെ മറ്റെല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇയാള്‍ ബിജെപിയുടെ പിടിയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ സുരേഷ് പറഞ്ഞു. സിങിനെ ബിജെപി ഭീഷണിപ്പെടുത്തി വലയിലാക്കിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമിയും പറഞ്ഞു. ആനന്ദ് സിങിനെ ബിജെപി പ്രത്യേക സ്വകാര്യ വിമാനത്തില്‍ ഇന്നു പുലര്‍ച്ചെ ദല്‍ഹിയിലേക്കു കടത്തിയതായും റിപ്പോര്‍്ട്ടുണ്ട്. ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.

ബിജെപിയുടെ കര്‍ണാടകയിലെ പണസ്രോതസ്സുകളായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരുമായി അടുപ്പള്ളയാളാണ് ആനന്ദ് സിങ്. മുന്‍ ബിജെപിക്കാരന്‍ കൂടിയായ ആനന്ദ് സിങും റെ്ഡ്ഡി സഹോദരന്മാര്‍ക്കൊപ്പം അനധികൃത ഖനന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിന്നീട് റെഡ്ഡിമാരില്‍ നിന്നകന്ന സിങ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

ആനന്ദ് സിങ് കളംമാറിയതോടെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 116 ആയി കുറഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കത്താണ് സഖ്യം ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരുന്നത്.
 

Latest News