ബ്രിട്ടീഷ് ഇന്ത്യയുടെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയ മലബാറില്‍ നിന്നുള്ള അപൂര്‍വമാളുകളുടെ ആദ്യപട്ടികയിലെ അവസാനത്തെ കണ്ണിയാണ് കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട പറഞ്ഞ മലപ്പുറം പാണ്ടിക്കാട്ടെ അച്ചുതൊടിക അഹമ്മദ് കുട്ടി സാഹിബ് എന്ന എ.ടി അയമുട്ടികാക്ക.
ജീവിതവിശുദ്ധിയില്‍ സാത്വിക ശോഭയോടെ തിളങ്ങി നിന്ന, സദ് ഗുണങ്ങളാലും സല്‍കര്‍മങ്ങളാലും സമ്പന്നമായ 95 വര്‍ഷത്തെ ധന്യമായ ജീവിതത്തിന് വിധി അവസാനബെല്ല് മുഴക്കിയതോടെ, സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ലൈസന്‍സുകളുള്ള, കഠിനാധ്വാനിയായ ഒരു ബസ് ഡ്രൈവറുടേയും തുടര്‍ന്ന് സത്യസന്ധനായൊരു ബസുടമയുടേയും അതോടൊപ്പം നന്മ നിറഞ്ഞ ഒരു സാമൂഹിക പ്രവര്‍ത്തകന്റേയും അനുഭവസമ്പന്നമായ ഒരു ഏറനാടന്‍ കാലഘട്ടത്തിന്റെ സജീവ പ്രാതിനിധ്യമാണ് അവസാനിച്ചത്.
ഓര്‍മയുടെ പാതകളിലാകെ തണല്‍ വിരിച്ച അയമുട്ടികാക്ക എന്റെ ഭാര്യ സലീനയുടെ പിതൃസഹോദരനാണ്. മൂത്താപ്പ എന്നാണ് അവളും പിന്നെ ഞാനും അദ്ദേഹത്തെ വിളിച്ചുപോന്നത്. ഈ കുടുംബ ബന്ധം തുടങ്ങുന്നതിനും മുമ്പേ എനിക്ക് അകലെ നിന്നുള്ള കുട്ടിക്കാല കാഴ്ചയിലൂടെ അദ്ദേഹത്തെ പരിചയമുണ്ട്.
മലപ്പുറം ടൗണിന്റെ ഹൃദയമായ കുന്നുമ്മലില്‍, സെന്റ് ജമാസ് സ്‌കൂളിനു മുന്നിലായി എം.യു.എം.എസ് (മണ്ണാര്‍ക്കാട് യൂണിയന്‍ മോട്ടോര്‍ സര്‍വീസ്) എന്ന മലപ്പുറത്തെ ആദ്യത്തെ സ്വകാര്യബസ് കമ്പനിയുടെ ഓഫീസും ഗാരേജും വര്‍ണശബളമായ നിരവധി ബസുകളും, മലപ്പുറം ഗവ. ഹൈസ്‌കൂളിലേക്കുള്ള എന്റേയും കൂട്ടുകാരുടേയും ദിവസേനയുള്ള നാലു കിലോമീറ്റര്‍ നടത്തത്തിനിടെ ഞങ്ങളുടെ മനസ്സ് കീഴടക്കിയ ചിത്രങ്ങളാണ്. എം.യു.എം.എസിന്റെ െ്രെഡവിംഗ് സീറ്റില്‍, താടി വളര്‍ത്തിയ അയമുട്ടികാക്ക, ബസോടിക്കുന്ന ഒരു വിദൂരചിത്രം എന്റെ മനസ്സിലുണ്ട്. കാഞ്ഞിരപ്പുഴ കോഴിക്കോട് റൂട്ടിലോടിയിരുന്ന ആ ബസിന്റെ കേവലം െ്രെഡവര്‍ മാത്രമായിരുന്നില്ല, അദ്ദേഹം. മാനേജറും നടത്തിപ്പുകാരനുമൊക്കെയായിരുന്നു. പതിറ്റാണ്ടുകളുടെ െ്രെഡവിംഗിനിടെ ഒരൊറ്റ അപകടം പോലും വരുത്താതെ, സുരക്ഷിതത്വത്തോടെ, ജാഗ്രതയോടെ യാത്രക്കാരെ അദ്ദേഹം കരുതലോടെ ചേര്‍ത്തു നിര്‍ത്തി. റോഡ് നിയമങ്ങളില്‍ കണിശമായ അച്ചടക്കം പാലിച്ചു. പഴമക്കാര്‍ പറഞ്ഞു: അയമുട്ടികാക്കയാണോ, കോഴിക്കോട് നിന്ന് മണ്ണാര്‍ക്കാട് വരെയും ചിറക്കല്‍ പടി വഴി കാഞ്ഞിരപ്പുഴ വരേയും കണ്ണ് കെട്ടി ബസോടിക്കാന്‍ കഴിയുന്ന ആളാണ്. മറ്റുള്ളവര്‍ക്കാകെ മാതൃകയായി മാറിയ െ്രെഡവര്‍. നിരവധിയാളുകളെ അയമുട്ടികാക്ക െ്രെഡവിംഗ് പഠിപ്പിച്ചു. നിരവധി ആദരവുകളേറ്റു വാങ്ങിയ മലപ്പുറം ജില്ലയിലെ ബസ് െ്രെഡവറാണ് അദ്ദേഹം.
അയമുട്ടികാക്കയുടെ സഹോദരപുത്രിയെ ഞാന്‍ വിവാഹം ചെയ്തതോടെ ഞങ്ങള്‍ കൂടുതല്‍ അടുക്കുകയും സ്‌കൂള്‍ കാലത്ത് അകലെ നിന്നു നോക്കി നിന്നിരുന്ന ആളുമായുള്ള എന്റെ സ്‌നേഹബന്ധത്തിന് ആഴമേറുകയും ചെയ്തു. നാട്ടിലെത്തുന്ന ഓരോ അവധിക്കാലത്തും പാണ്ടിക്കാട്ടെ അദ്ദേഹത്തിന്റെ വീട്ടു കോലായയിലിലിരുന്ന് മണിക്കൂറുകളോളം ഞാന്‍ പലപല കഥകള്‍ക്കക്കും കാതോര്‍ത്തിരുന്നു. അനുഭവങ്ങളുടെ അക്ഷയഖനിയായിരുന്നു അയമുട്ടികാക്ക.
ഡ്രൈവിംഗ് കരിയറിലെ അല്‍ഭുതം കൊള്ളിക്കുന്ന കഥകള്‍, സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലെ ഉറച്ച നിലപാടുകള്‍, മതപരമായ വീക്ഷണങ്ങളിലെ ആധികാരിക ചിന്തകള്‍...എല്ലാം അദ്ദേഹം പങ്ക് വെച്ചു. ശുദ്ധമലയാളത്തിലാകും ആ സംഭാഷണം. ചില വര്‍ത്തമാനങ്ങളിലൊക്കെ അച്ചടിഭാഷയാകും
കടന്നു വരിക. അക്ഷരസ്ഫുടത, തൊണ്ണൂറുകളുടെ പാതിയിലും കൈവിടാതെ, ആകാശത്തിനു ചുവട്ടിലെ എല്ലാ കാര്യങ്ങളും പറയുന്നത് കേള്‍ക്കാന്‍ എനിക്കേറെ കൗതുകമായിരുന്നു. ഞാന്‍ നല്ല കേള്‍വിക്കാരനാണെന്ന് അറിയുന്നത് കൊണ്ടു തന്നെ പഴയ വള്ളുവനാടന്‍ സംഭവപരമ്പരകളുടെ ചുരുള്‍ എനിക്കുമുമ്പില്‍ നിവരും. ആനുകാലികങ്ങളും ഇസ്‌ലാമിക ഗ്രന്ഥങ്ങളും നന്നായി വായിക്കുമായിരുന്നു, അവസാനകാലം വരെയും അദ്ദേഹം. തൊണ്ണൂറ് കടന്നിട്ടും പാരവശ്യങ്ങളൊന്നും കാര്യമായി ബാധിച്ചില്ല. അത് കൊണ്ടുതന്നെ ചരിത്രത്തിലേക്കുള്ള തിരികെപ്പോക്കില്‍ എവിടേയും സന്ദേഹങ്ങളുമുണ്ടായില്ല.
രാമസിംഹന്‍ കൊലക്കേസുള്‍പ്പെടെ ഒറ്റപ്പാലം കോടതിയില്‍ വന്ന പ്രമാദമായ കേസുകള്‍ ( അന്നത്തെ തെക്കേ മലബാറിലെ പ്രധാനപ്പെട്ട ആര്‍.ടി.ഒ ഓഫീസ് എന്നതുപോലെ പ്രധാന കോടതികളും ഒറ്റപ്പാലത്തായിരുന്നു), കാഞ്ഞിരപ്പുഴക്കടുത്ത അമ്പന്‍കുന്നിലെ സൂഫിസമാനനായ ബീരാന്‍ ഔലിയയെത്തേടി ദൂരദിക്കില്‍ നിന്നു പോലും തന്റെ ബസില്‍ ദിവസേന കയറിവരുന്ന നിരവധിയാളുകളുടെ പ്രതീക്ഷകളും ഉല്‍കണ്ഠകളും, ബ്രിട്ടീഷ് പട്ടാളത്തിന്റെ നരനായാട്ടുകള്‍, മലബാര്‍ കലാപത്തിന്റെ ജ്വാല പടര്‍ന്ന് പാണ്ടിക്കാട്, നെല്ലിക്കുത്ത്, ചെമ്പ്രശ്ശേരി ഭാഗങ്ങളില്‍ നിന്നുയര്‍ന്നു കേട്ട ഞെട്ടിക്കുന്ന കഥകള്‍, പാണ്ടിക്കാടിനടുത്ത കൊളപ്പറമ്പിലെ എം.എസ്.പി ഭടന്മാരുടെ ശൗര്യം.. ഇവയെല്ലാം അതീവ സ്വാരസ്യത്തോടെ അദ്ദേഹം എനിക്ക് വിവരിച്ചു തരുമായിരുന്നു. സംഭവപരമ്പരകളുടെ സമ്മോഹനമായ സ്മൃതിചിത്രങ്ങള്‍, ദൃശ്യചാരുതയോടെയും അതേ സമയം തീക്ഷ്ണമായ ഓര്‍മ ശക്തിയോടെയുമാണ് അടുത്ത കാലം വരെ ഓരോ സംഭവവും വിവരിച്ചു തന്നിരുന്നത്. തണുപ്പ് വീണ കോലായയിലെ ചാരുകസേരയിലിരുന്ന്, കലണ്ടറിലെന്ന പോലെ തിയതികളുടെ ക്രമാനുഗതമായ ദിനസരികളിലൂടെയാകും ഓരോ ചരിത്രസംഭവങ്ങളും ഇതള്‍ വിടര്‍ത്തുന്നത്. ഇടയ്ക്ക് അലമാര തുറന്ന് ടിന്നുകളില്‍ സൂക്ഷിച്ച ചിപ്‌സ്, മുറുക്ക് തുടങ്ങിയ പലഹാരങ്ങള്‍ തരും, നിര്‍ബന്ധമായി തീറ്റിക്കും. പിന്നാലെ ചായയുമെത്തും. ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ, ഡബിള്‍ബെല്ലോടിച്ചു പോകുന്ന ബസ്ിന്റെ സഞ്ചാരം പോലെയുള്ള കഥ പറച്ചിലുകള്‍..
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അനുസ്മരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ പോലെ പാലക്കാട് മുതല്‍ കോഴിക്കോട് വരെയുള്ള പല പ്രധാന സ്ഥലങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു അഹമ്മദ് കുട്ടി സാഹിബ്. എം. യു .എം. എസ്. ബസ് ഡ്രൈവറായിരിക്കെ 1950 മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ച അദ്ദേഹം കിട്ടുന്ന അവസരങ്ങളിലെല്ലാം യാത്രക്കാരുമായി ബന്ധം സ്ഥാപിക്കുകയും അവരില്‍ നന്മയും ഉന്നതമൂല്യങ്ങളും വളര്‍ത്താന്‍ നിരന്തരം ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പാലക്കാട് മുതല്‍ കോഴിക്കോട് വരെയുള്ള പല പ്രദേശങ്ങളിലും അദ്ദേഹത്തിന് നിരവധി കൂട്ടുകാരുണ്ടായിരുന്നു. ബസ് െ്രെഡവറായിരിക്കെ സ്വഭാവ മഹിമ കൊണ്ടും പെരുമാറ്റ മേന്മ കൊണ്ടും യാത്രക്കാരിലും സഹജീവനക്കാരിലുമെല്ലാം വലിയ മതിപ്പ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതെ, നൂറ്റാണ്ടിന്റെ കൈ പിടിച്ചുള്ള മൂത്താപ്പയുടെ നീണ്ട യാത്രയ്ക്ക് ഐഹിക വിരാമം.






