Sorry, you need to enable JavaScript to visit this website.

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹത്തിന് കണ്ണീരോടെ കുടുംബം; നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതം

- അഞ്ജുവിന്റെ മാതാവിനരികെ അന്ത്യവിശ്രമം ഒരുക്കണമെന്ന് കുടുംബം
ലണ്ടൻ /ന്യൂദൽഹി / വൈക്കം - ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും(35) മക്കളായ ജീവ(6), ജാൻവി(4) എന്നിവരുടെയും മൃതദേഹങ്ങൾക്കായി കാത്തിരിക്കുകയാണ് കോട്ടയം ജില്ലയിലെ വൈക്കം കുലശേഖരമംഗലം ഇത്തിപ്പുഴയിലെ കുടുംബവും നാട്ടുകാരും. 
 ബ്രിട്ടനിലെ കെറ്ററിങ്ങിൽ ഈമാസം 15ന് രാത്രിയാണ് അഞ്ജുവും മക്കളും ഭർത്താവിനാൽ കൊല്ലപ്പെട്ടത്. മൂന്നു പേരുടെയും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൈ ഉപയോഗിച്ചോ തുണി കൊണ്ടോ ശക്തമായി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നാണ് സ്ഥിരീകരണം. 
 കൊലപാതകത്തെ തുടർന്ന് ഭർത്താവ്‌ കണ്ണൂർ ഇരിട്ടി പടിയൂർ ചേലപാലിൽ സാജുവിനെ(52) നോർതാംപ്ടൻഷെയർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെലിങ് ബോറോ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാളെ നോർതാംപ്ടൻഷെയർ ക്രൗൺ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. 
 നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ഉടനെ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കണ്ണീരും പ്രാർത്ഥനയുമായി കഴിയുകയാണ് കുടുംബാംഗങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക വഴി ഊർജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും എന്ന് എത്തുമെന്നതിൽ വ്യക്തതയായിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടനെ എത്തുമെന്നാണ് പറയുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, കോട്ടയം എം.പി തോമസ് ചാഴികാടൻ, സുരേഷ് ഗോപി തുടങ്ങിയവർ ഇന്ത്യൻ ഹൈകമ്മിഷനുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 
 മൃതദേഹം നാട്ടിലെത്തിക്കാൻ 30 ലക്ഷം രൂപ ചെലവ് വരുമെന്നും ഇതിനായി സഹായിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്. മലയാളി സമാജം വഴിയും മറ്റും സാമ്പത്തിക സഹായം ലഭ്യമാക്കിയാണ് മൃതദേഹം നാട്ടിലെത്തിക്കുക.
 മൂന്നു പേരുടെയും മൃതദേഹം അഞ്ജുവിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയ സ്ഥലത്തോടു ചേർന്നു തന്നെ നടത്തണമെന്നാണ് ആഗ്രഹമെന്ന് അച്ഛൻ ആറാക്കൽ അശോകൻ പറഞ്ഞു. 2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടനിൽ താമസം തുടങ്ങിയത്. ആശുപത്രിയിൽ നെഴ്‌സായ അഞ്ജുവിനെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകം അറിഞ്ഞത്. അഞ്ജു വീട്ടിൽ സംഭവ സ്ഥലത്തുവെച്ചും മക്കൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

Latest News