ഫാൻസ് അസോസിയേഷൻ

ഫാൻസ് ഗ്രൂപ്പുകൾക്കിടയിൽ വാശിയും വൈരാഗ്യവും വളർത്തുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്ക് ചെറുതല്ല. വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും പരസ്പരം പോർവിളിക്കുകയും പിന്നീട് അത് വ്യക്തിഹത്യകളിലേക്ക് നീങ്ങുകയും മൊബൈലിന് പുറത്ത് അക്രമമായി വളരുകയും ചെയ്യുന്നതാണ് ഇന്നത്തെ കാഴ്ച. പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പോലും ഈ വീറും വാശിയും ഇന്ന് പ്രകടമാണ്. ഇഷ്ട ടീം തോറ്റാൽ പിറ്റേന്ന്, കൂട്ടുകാരുടെ കളിയാക്കൽ ഭയന്ന് സ്‌കൂളിൽ പോകാൻ മടിക്കുന്ന കുട്ടികളുണ്ട്. തല മൊട്ടയിക്കാമെന്ന പന്തയം പാലിക്കേണ്ടി വരുമല്ലോ എന്ന് വിഷമിക്കുന്ന കുട്ടികളുമുണ്ട്. കളി കാര്യത്തിലേക്ക് നീങ്ങിത്തുടങ്ങുന്നത് ഇവിടെ നിന്നാണ്.

 

അങ്ങനെ ഫുട്‌ബോൾ മാമാങ്കം കഴിഞ്ഞു. മലയാളിക്ക് ഇത്രയടുത്ത് ഇനിയൊരു ലോകകപ്പ് ലഭിക്കാൻ കാലമേറെ കാത്തിരിക്കേണ്ടി വന്നേക്കാം. ദോഹയിലെ കലാശപ്പോരാട്ടത്തിൽ അർജന്റീന കപ്പിൽ മുത്തമിട്ടു. മെസ്സിക്ക് സ്വർണപാദുകവും എംബാപ്പെക്ക് കനകപ്പന്തും കിട്ടി....കേരള നാട്ടിൽ അടിപിടി മാത്രം ബാക്കിയായി.
താരാരാധന, മറ്റു മേഖലകളിലെന്ന പോലെ ഫുട്ബാളിലുമുണ്ട്. സിനിമയിൽ താരങ്ങൾക്കെന്ന പോലെ, ഫുട്‌ബോളിൽ ടീമുകൾക്കും താരങ്ങൾക്കും ഫാൻസ് അസോസിയേഷനുകളുണ്ട്. അവരുടെ ലോകകപ്പ് കൂടിയാണ് അവസാനിച്ചത്. ലോകത്താകമാനമുള്ള ഫുട്‌ബോൾ ആരാധകർ ആവേശത്തിരയിളക്കുമ്പോഴാണ് ലോകകപ്പിന് ആരവം കൂടുന്നത്. അല്ലെങ്കിൽ, അത് ജില്ല ലീഗ് മൽസരം പോലെ കുറച്ചു പേർ മാത്രമറിയുന്ന ടൂർണമെന്റായി കഴിഞ്ഞു പോകും.
കഴിഞ്ഞ രാത്രി ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഫിഫ ലോകകപ്പിന് അവസാന വിസിൽ മുഴങ്ങിയപ്പോൾ ഇങ്ങകലെ, നാട്ടിൽ ഫുട്‌ബോൾ ആരാധകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കണ്ണൂരിൽ അർധരാത്രിയിൽ നടന്ന ആക്രമത്തിൽ മൂന്നു പേർക്ക് വെട്ടേറ്റു. ഒരാൾക്ക് ഗുരുതരമായാണ് പരിക്കേറ്റിട്ടുള്ളത്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അക്രമങ്ങൾ അരങ്ങേറി. ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസിന്റെ ആരാധകരെ അർജന്റീന ഫാൻസുകാർ കളിയാക്കിയതാണ് കണ്ണൂരിൽ അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഫുട്‌ബോളിലെ താരാരാധന, ദോഹയിൽ ആദ്യ വിസിൽ മുഴങ്ങിയ സമയം മുതൽ വിവാദമായതാണല്ലോ. അതിരുവിട്ട ആഘോഷം പാടില്ലെന്ന അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർക്ക് ലോകകപ്പ് ആഘോഷിക്കാനുള്ള അവസരം തന്നെയാണ്. എന്നാൽ ആ ആഘോഷത്തിന്റെ അതിർവരമ്പ് എവിടെയാണെന്നതാണ് ചോദ്യം. ഓരോ ടീമിനോടും താരങ്ങളോടുമുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നത് കായിക സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാൽ മറ്റു ടീമുകളെ എതിർക്കുന്നതും വിമർശിക്കുന്നതും അതിരുകൾ ആവശ്യമുള്ള കാര്യവുമാണ്. ഈ അതിരുകൾ തിരിച്ചറിയാത്തതാണ് അക്രമങ്ങളിലേക്ക് വഴിവെക്കുന്നത്.
ഫുട്‌ബോളിനപ്പുറം, ലോകകപ്പ് ജനങ്ങൾക്ക് ലോകത്തെക്കുറിച്ചുള്ള പൊതുബോധം നൽകുന്നുണ്ട്. ലോകത്തിന്റെ ഏത് കോണിൽ ഉള്ളതാണെന്ന് പോലും പലർക്കും അറിയാത്ത രാജ്യങ്ങൾ അവർക്ക് മുന്നിൽ പന്തുമായി വന്നു നിൽക്കുകയാണ്. അത്തരം രാജ്യങ്ങളെ കുറിച്ച് അറിയാനും അവയെക്കുറിച്ച് കൂടുതൽ പഠിക്കാനും കൗമാരപ്രായക്കാർ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് അവസരം കൈവരികയാണ്. വൻകരകളെ കുറിച്ചും രാജ്യങ്ങളെ കുറിച്ചും ദേശീയതകളെ കുറിച്ചുമുള്ള പൊതുബോധം പുതിയ തലമുറയിൽ ഉണ്ടാക്കിയെടുക്കുന്നതിൽ ലോകകപ്പിന് വലിയ പങ്കുണ്ട്. ലോകകപ്പിൽ കളിച്ച രാജ്യങ്ങളിൽ പലതും അവിടെ ഇല്ലായിരുന്നെങ്കിൽ പലരും അവരെക്കുറിച്ച് അറിയാൻ പോലും ശ്രമിക്കില്ലായിരുന്നു. മൊറോക്കോയെന്ന രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെപ്പറ്റി അല്ലെങ്കിൽ ആര് ചർച്ച ചെയ്യാൻ. അർജന്റിനയെയും ബ്രസീലിനെയും പോർച്ചുഗലിനെയും കുറിച്ച് സംസാരിക്കാൻ മറ്റൊരു അവസരമേതാണുള്ളത്. അന്തർദേശീയ രാഷ്ട്രീയമോ കയറ്റുമതി വ്യാപാരമോ ചർച്ച ചെയ്യാത്ത സാധാരണക്കാരായ കൂലിപ്പണിക്കാർ വരെ ഈ രാജ്യങ്ങളെക്കുറിച്ച് ലോകകപ്പ് കാലത്തെങ്കിലും ചർച്ച ചെയ്യുന്നത് ഇത്തരമൊരു വിജ്ഞാന പ്രസരണത്തിന്റെ ഗോൾമുഖങ്ങൾ തുറക്കുന്നുണ്ട്.
രാഷ്ട്രീയത്തിലെന്ന പോലെ പ്രതിപക്ഷ ബഹുമാനം ഫുട്‌ബോൾ ആരാധകർക്കിടയിലും അനിവാര്യമാണ്. അതില്ലാത്തതാണ് അക്രമത്തിൽ വരെ ആഘോഷങ്ങളെ കൊണ്ടെത്തിക്കുന്നത്. സെവൻസ് ഫുട്‌ബോളിലൂടെ കാൽപന്തു കളിയെ നെഞ്ചോടു ചേർത്ത് നിർത്തിയിട്ടുള്ള മലബാറുകാർക്കിടയിൽ അർജന്റീനക്കും ബ്രസീലിനുമാണ് ആരാധകർ ഏറെയുള്ളത്. ഇത്തവണ ബ്രസീൽ സെമി കാണാതെ പുറത്തായതോടെ ബ്രസീൽ ആരാധകർ അർജന്റീനക്കെതിരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്. ഫൈനലിൽ അവർ ഫ്രാൻസിനൊപ്പം നിന്നു. അന്തിമ പോരാട്ടത്തിൽ ഫ്രാൻസ് തോറ്റതോടെയാണ് അക്രമത്തിന് തുടക്കമായത്.
ഫാൻസ് ഗ്രൂപ്പുകൾക്കിടയിൽ വാശിയും വൈരാഗ്യവും വളർത്തുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്ക് ചെറുതല്ല. വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും പരസ്പരം പോർവിളിക്കുകയും പിന്നീട് അത് വ്യക്തിഹത്യകളിലേക്ക് നീങ്ങുകയും മൊബൈലിന് പുറത്ത് അക്രമമായി വളരുകയും ചെയ്യുന്നതാണ് ഇന്നത്തെ കാഴ്ച. പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പോലും ഈ വീറും വാശിയും ഇന്ന് പ്രകടമാണ്. ഇഷ്ട ടീം തോറ്റാൽ പിറ്റേന്ന്, കൂട്ടുകാരുടെ കളിയാക്കൽ ഭയന്ന് സ്‌കൂളിൽ പോകാൻ മടിക്കുന്ന കുട്ടികളുണ്ട്. തലമൊട്ടയിക്കാമെന്ന പന്തയം പാലിക്കേണ്ടിവരുമല്ലോ എന്ന് വിഷമിക്കുന്ന കുട്ടികളുമുണ്ട്. കളി കാര്യത്തിലേക്ക് നീങ്ങിത്തുടങ്ങുന്നത് ഇവിടെ നിന്നാണ്.
ആഘോഷവും ആരാധനയും കളിക്കളത്തിന് പുറത്തേക്ക് നീങ്ങുന്നത് ഫുട്‌ബോളിന്റെ സൗന്ദര്യത്തിന് മങ്ങലേൽപിക്കും. ഒരു മാസത്തോളം ലോകം ഒരു പന്തിനു പിന്നാലെ പായുമ്പോൾ തെളിഞ്ഞു വരുന്നത് കായിക സംസ്‌കാരം മാത്രമല്ല, ലോക സാഹോദര്യത്തിന്റെ അപൂർവ ചിത്രങ്ങൾ കൂടിയാണ്. വർണ-ഭാഷ വ്യത്യാസമില്ലാതെ ഭിന്ന ദേശങ്ങളിലെ ജനങ്ങൾ ഒന്നിച്ചാഘോഷിക്കുന്ന ഒരു ഉൽസവമായി ലോകകപ്പും അതു പോലുള്ള കായിക മേളകളും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആ ഉൽസവം അവസാനിക്കുമ്പോൾ കാൽപന്തിന്റെ സൗന്ദര്യവും കായിക പ്രതിഭകൾ നൽകുന്ന പ്രചോദനവുമാണ് ഉയർന്നു നിൽക്കേണ്ടത്. ലോകത്തിന്റെ ഏറ്റവും നെറുകയിൽ നടക്കുന്ന മൽസരത്തിലേക്ക് അവർ എത്തിപ്പെട്ടതിന് പിന്നിൽ ദീർഘമായ ഇഛാശക്തിയുടെയും അധ്വാനത്തിന്റെയും സ്ഥിരോൽസാഹത്തിന്റെയും പാഠങ്ങളുണ്ട്. അതൊന്നും കാണാതെ ക്ഷണികമായ ആവേശത്തിൽ അക്രമത്തിലേക്ക് തിരിയുന്നവർ ലോകകപ്പിന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ടിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ദോഹയിൽ നിന്നുള്ള ആരവം വൈകാതെ അവസാനിക്കും. ടീമുകൾ പുതിയ മൈതാനങ്ങളിലേക്ക് കടക്കും. എന്നാൽ ഇവിടെ ലോകകപ്പിനെ ചൊല്ലിയുണ്ടായ വ്യക്തിവൈരാഗ്യം മാത്രം ബാക്കിയാകും. സ്വന്തം രാജ്യത്തിന് പ്രാതിനിധ്യമില്ലാത്ത ഒരു കളിയിൽ മറ്റേതോ രാജ്യങ്ങൾക്ക് വേണ്ടി നമ്മൾ വെല്ലുവിളികൾ തുടർന്നുകൊണ്ടേയിരിക്കും.

 

Latest News