ആലപ്പുഴ-ജാമ്യത്തിലിറങ്ങി ഒളുവില്‍പോയ പോക്‌സോ കേസ് പ്രതിയെ വെണ്മണി പോലീസ് അറസ്റ്റുചെയ്തു. 2017ല്‍ വെണ്മണി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ പാറപ്പാട് തെക്ക് കരയില്‍ സഫീന മന്‍സിലില്‍ മുഹമ്മദ് ഷാഫി (39) യെയാണ് പിടികൂടിയത്. ഹരിപ്പാട് പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ കേസിന്റെ വിസ്താരമാരംഭിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഷാഫിക്കെതിരെ അറസ്റ്റു വാറണ്ടു പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് കാസര്‍കോട് ചന്ദേരയിലും മലപ്പുറം കോട്ടയ്ക്കലിലുമായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ഒരാഴ്ച്ചയായി സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് ലാല്‍ മലപ്പുറം, കാസര്‍കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ രഹസ്യാന്വേഷണത്തിനെത്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നതിന് ആലപ്പുഴ ജില്ലാ സൈബര്‍ സെല്ലിലെ പോലീസുദ്യോഗസ്ഥരുടെയും കാസര്‍കോട് ചന്ദേര, മലപ്പുറം കോട്ടയ്ക്കല്‍ പൊലീസിന്റെയും സഹായങ്ങളും ലഭിച്ചു.
വെണ്മണി പോലീസ് സ്‌റ്റേഷന്‍ സി.പി.ഒ മാരായ ഗിരീഷ് ലാല്‍, ജയരാജ്, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.