ന്യൂദല്‍ഹി- രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പരസ്യത്തിന് വേണ്ടി അരവിന്ദ് കെ ജ്‌രിവാള്‍ സര്‍ക്കാര്‍ ചെലവഴിച്ച 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ദല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ലഫ്. ഗവര്‍ണര്‍ വികെ സക്സേന ഉത്തരവിട്ടു. എന്നാല്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് നിയമത്തയോ, ചട്ടത്തയോ കുറിച്ച് യാതൊരു ധാരണയോ അറിവോ ഇല്ല. ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നിയമപരമായി ഉത്തരവ് നിലനില്‍ക്കില്ല. അദ്ദേഹം ബിജെപിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആടിക്കളിക്കുകയാണെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലഫ്. ഗവര്‍ണറെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പുതിയ പ്രേമലേഖനമായാണ് ഇതിനെ കാണുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് ഗവര്‍ണറുടെ നടപടി. 15 വര്‍ഷമായി ബിജെപി ഭരിച്ചിരുന്ന എംസിഡിയില്‍ കെ ജ്‌രിവാളിന്റെ ആം ആദ്മി മഹാവിജയം സ്വന്തമാക്കിയിരുന്നു. 250ല്‍ 135 സീറ്റുകളും എഎപി നേടി. തെരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്കു തിരിച്ചടിയായതിനു പിന്നാലെയാണു പരസ്യത്തിന്റെ പേരില്‍ എഎപിക്കെതിരായ നടപടി.
സുപ്രീംകോടതി ഉത്തരവുകളും സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ലംഘിച്ചെന്നാണു സക്‌സേനയുടെ കണ്ടെത്തല്‍.