അപകീര്‍ത്തി പോസ്റ്റിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്നു; ഒരാള്‍ കൂടി അറസ്റ്റില്‍

ഒറ്റപ്പാലം- സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പനമണ്ണ ചക്കിയാവില്‍ വിനോദി(32)ന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പനമണ്ണ തളിയന്‍തൊടി ആരിഫ് മുഹമ്മദിനെ(32)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അഞ്ചാം പ്രതിയാണ് ആരിഫ് മുഹമ്മദ്. ഇനിയും നാല് പ്രതികളെക്കൂടി പിടികൂടാനുണ്ട്. 2020 ജൂണ്‍ 22നാണ് വിനോദ് മരിച്ചത്. അതിന് മൂന്നാഴ്ച മുമ്പ് വിനോദിന്റെ സഹോദരന്‍ രാമചന്ദ്രനെതിരേ പ്രതികളിലൊരാളായ അബ്ദുറഹ്മാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. അതിന്റെ പേരില്‍ വലിയ തര്‍ക്കങ്ങളും വഴക്കും ഉണ്ടായി. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ പനമണ്ണ പള്ളിക്കുന്നിലേക്ക് പ്രതികള്‍ രാമചന്ദ്രനെ വിളിച്ചു വരുത്തി. വിനോദും ഒപ്പം ചെന്നു. ഇരുവരേയും പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രാമചന്ദ്രന്‍ രക്ഷപ്പെട്ടു. കേസില്‍ നേരത്തേ അറസ്റ്റിലായ നാല് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഉള്‍പ്പെടെ ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കു വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു.

 

Latest News