മെസ്സി ജനിച്ചത് അസമില്‍; കോണ്‍ഗ്രസ് നേതാവിന് പരിഹാസം, ട്വീറ്റ് പിന്‍വലിച്ചു

ഗുവാഹത്തി- വ്യാപക ട്രോളുകളും വിമര്‍ശനങ്ങളും വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വിവാദ ട്വീറ്റ് പിന്‍വലിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ലയണല്‍ മെസ്സിയുടെ അസം ബന്ധം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് എം.പി അബ്ദുല്‍ ഖലിഖ് രംഗത്തുവന്നത്.
ട്വിറ്ററില്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും ആശംസ നേര്‍ന്ന അദ്ദേഹം മെസി ജനിച്ചത് അസമിലാണെന്നു കൂടി അവകാശപ്പെടുകയായിരുന്നു. രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവും ഉയര്‍ന്നതോടെയാണ് ട്വീറ്റ് പിന്‍വലിച്ചത്.

അസമിലെ ബാര്‍പേട്ടയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് അബ്ദുല്‍ ഖലിഖ്. 'ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുള്ള ആശംസകള്‍, താങ്കളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു' എന്നായിരുന്നു ഖലിഖിന്റെ ട്വീറ്റ്. അസമുമായി ബന്ധമോ എന്ന് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: 'അതെ, മെസി ജനിച്ചത് അസമിലാണ്.'

 

Latest News