മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് നാളെ, ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം- മുഖ്യമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിച്ചില്ല. നാളെ ഉച്ചയ്ക്ക് മസ്‌കറ്റ് ഹോട്ടലിലാണ് സല്‍ക്കാരം. രാജ്ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചിരുന്നുവെങ്കിലും ക്ഷണം സര്‍ക്കാരും പ്രതിപക്ഷവും നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഗവര്‍ണര്‍ തുടര്‍ച്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാല്‍ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ടായിരുന്നു. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.

 

Latest News