അര്‍ജന്റീനയുടെ ജയം; മലപ്പുറത്ത് ബിരിയാണിയും കബ്‌സയും മധുരവും

അര്‍ജന്റീന ലോക ജേതാക്കളായതില്‍ നന്നമ്പ്ര കുണ്ടൂര്‍ സി.എച്ച്.എം.കെ.എം യു.പി സ്‌കൂള്‍ അധ്യാപകന്‍ തച്ചറക്കല്‍ ജമാല്‍ വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്നു.

മലപ്പുറം-ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന ജേതാക്കളായതില്‍ സന്തോഷം പ്രകടിപ്പിച്ചു
ജില്ലയിലെ അര്‍ജന്റീന ആരാധകര്‍ തങ്ങളുടെ ഇഷ്ടടീമിന്റെ വിജയം മതിമറന്നു ആഘോഷിച്ചു. ജില്ലയിലെ ഒട്ടുമിക്കയിടത്തും അര്‍ജന്റീന ഫാന്‍സുകാര്‍  ഫൈനല്‍ ദിവസം രാത്രി മുതല്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു. ലോകകപ്പ് തുടങ്ങുംമുമ്പേ നാടുനീളെ കൗട്ടുകളും കൊടി തോരണങ്ങളും സ്ഥാപിച്ചു അര്‍ജന്റീന ഫാന്‍സുകാര്‍ ടീമിനു പ്രോത്സാഹനവും പിന്തുണയും നല്‍കിയിരുന്നു. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരാണ് ജില്ലയിലേറെയും. ബ്രസീല്‍ വഴിയില്‍ വീണതോടെ അര്‍ജന്റീന  പ്രതീക്ഷ നിലനിര്‍ത്തുകയും ഒടുവില്‍ വിജയികളായി മടങ്ങുകയും ചെയ്തു.  തങ്ങളുടെ ടീം
ആദ്യകളിയില്‍ സൗദിയോടു തോറ്റപ്പോഴും ആരാധകര്‍ പ്രതീക്ഷ കൈവിട്ടില്ല. തുടര്‍ന്നു ഓരോ മത്സരങ്ങളിലും
ഇഷ്ടനായകന്‍ ലയണല്‍ മെസി നിറഞ്ഞാടിയതോടെ ആരാധകര്‍ സന്തോഷംകൊണ്ടു മതിമറന്നു. സെമിയിലും ഫൈനലിലും വന്‍ ആള്‍കൂട്ടങ്ങളാണ് പലയിടത്തും ബിഗ് സ്‌ക്രീനില്‍ മത്സരം കണ്ടത്. അര്‍ജന്റീന ജയിച്ച രാത്രിയില്‍ പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചുമായിരുന്നു ആര്‍പ്പുവിളികളോടെ ജയം കൊണ്ടാടിയത്. ഇന്നലെ വിവിധയിടങ്ങളില്‍ ഫാന്‍സുകാര്‍ മധുരം വിളമ്പി. പായസവും ലഡു വിതരണവുമുണ്ടായിരുന്നു.  അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനു മണിക്കൂറുകള്‍ മുമ്പ്  പോത്ത് ബിരിയാണി വിതരണം ചെയ്തു അര്‍ജന്റീനയോടു ആരാധന പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടമെങ്കില്‍  സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു കബ്‌സ വിളമ്പിയിരിക്കുകയാണ് നന്നമ്പ്ര കുണ്ടൂര്‍ സി.എച്ച്.എം.കെ.എം യു.പി സ്‌കൂള്‍ അധ്യാപകനും കുണ്ടൂര്‍ സ്വദേശിയുമായ തച്ചറക്കല്‍ ജമാല്‍.  ലോകകപ്പ് തുടങ്ങും മുമ്പു സ്‌കൂളില്‍  വിദ്യാര്‍ഥികള്‍ക്കായി  പ്രദര്‍ശനമത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ചിരുന്നു. അന്നാണ് ഈ അധ്യാപകന്‍ വിദ്യാര്‍ഥികളോടു പറഞ്ഞത്  അര്‍ജന്റീന വിജയിച്ചാല്‍ സ്‌കൂള്‍ പ്രവൃത്തി ദിവസം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചിക്കന്‍ കബ്സ വിളമ്പുമെന്ന്. അര്‍ജന്റീന ലോകകപ്പുയര്‍ത്തിയതോടെ പറഞ്ഞ വാക്കുപാലിച്ചിരിക്കുകയാണ് ഈ അധ്യാപകന്‍.
സ്‌കൂള്‍ ഭക്ഷണം തയാറാക്കുന്ന ചെറുമുക്ക് സ്വദേശി മഞ്ഞക്കണ്ടന്‍  മുനീര്‍ സൗജന്യമായി കബ്‌സ പാചകം ചെയ്തു നല്‍കി. മുനീറും കടുത്ത അര്‍ജന്റീന ആരാധകനാണ്.
സ്‌കൂളില്‍ മറ്റു അധ്യാപകരും വിദ്യാര്‍ഥികളും വിവിധ ടീമിനൊപ്പമായിരുന്നുവെങ്കിലും ജമാല്‍ മാഷിന്റെ ടീം ജയിച്ചതോടെ എല്ലാവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. അധ്യാപകന്‍ ജമാല്‍ തന്നെയാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും കബ്‌സ വിളമ്പി കൊടുത്തത്. മലപ്പുറം കുന്നുമ്മലിലെ അര്‍ജന്റീന ആരാധകരായ സാലിഹ് മലപ്പുറം, നൗഷാദ് ബിസ്മി, സുബിന്‍, ഷെയ്ക്ക്, ഫൈസല്‍, വിധുല്‍ മലപ്പുറം എന്നിവര്‍ ലഡുവും ബിരിയാണിയും  നല്‍കി. അഞ്ഞൂറില്‍ പരം ആളുകള്‍ക്കാണ് വിതരണം ചെയ്തത്.  അര്‍ജന്റീനയുടെ വിജയത്തില്‍ ആശംസ അറിയിച്ചു

 

 

 

 

 

 

 

Latest News