ജയ്പൂർ - വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് താനെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഭാരത് ജോഡോ യാത്ര എന്തിനാണ് നടത്തുന്നതെന്ന് വിമർശിക്കുന്നവർക്കാണ് രാഹുലിന്റെ മറുപടി. നെഹ്‌റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ അൽവാറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം വെറുപ്പിന്റേതല്ല, സ്‌നേഹത്തിന്റെ രാജ്യമാണ്. ബി.ജെ.പിക്കാരെ പോലും ഞാൻ വെറുക്കുന്നില്ല. മറിച്ച് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിന് എതിരെയാണ് പോരാട്ടം. ബി.ജെ.പി എന്നെ വെറുക്കുന്നു, അത് നിങ്ങളുടെ ഹൃദയത്തിന്റെ പ്രശ്‌നമാണ്. നിങ്ങളുടെ കട വെറുപ്പിന്റേതും എന്റെ കട സ്‌നേഹത്തിന്റേതുമാണ്. നിങ്ങൾ എല്ലാവരും ഈ മാർക്കറ്റിൽ സ്‌നേഹത്തിന്റെ ഒരു കട തുറക്കുക. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, അംബേദ്കർ എന്നിവരെല്ലാം വെറുപ്പിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കട തുറന്നവരാണ്. ആ വഴിക്കാണ് നമുക്ക് മുന്നേറാനുള്ളത്. അതല്ലാതെ വെറുപ്പിന്റെ ഇരുണ്ട മനസ്സുമായല്ലെന്നും രാഹുൽ ഓർമിപ്പിച്ചു.
രാജസ്ഥാനിലെ അശോക് ഗെഹലോട്ട് സർക്കാരിന്റെ പല പദ്ധതികളെയും രാഹുൽ പ്രശംസിച്ചു. ചിരഞ്ജീവി യോജന ലക്ഷക്കണക്കിന് ആളുകളുടെ വേദന ഇല്ലാതാക്കിയെന്നും അത് രാജ്യത്തുടനീളം നടപ്പാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.






