Sorry, you need to enable JavaScript to visit this website.

ശ്മശാനത്തിലേക്കു വഴിയില്ല; ആദിവാസികള്‍ മൃതദേഹങ്ങള്‍ വീട്ടുമുറ്റത്തു മറവു ചെയ്യേണ്ടി വരുന്നു  

വെള്ളമുണ്ട കക്കടവിലെ ശ്മശാനഭൂമി.

മാനന്തവാടി- ശ്മശാനത്തിലേക്കു വഴിയില്ലാത്തത് ആദിവാസികള്‍ക്കു ദുരിതമായി. പഞ്ചായത്തിലെ പാലിയാണ വാര്‍ഡില്‍ കക്കടവിനു അടുത്തുള്ള ആദിവാസി ശ്മശാനത്തിലേക്കാണ് വഴിയില്ലാത്തത്.വാര്‍ഡിലെ പുതുക്കോട്ടിടം, തേനോത്തുമ്മല്‍, നാലു സെന്റ്, കാലിക്കടവ് കോളനികളിലെ നൂറോളം കുടുംബങ്ങളുടെ ഉപയോഗത്തിനുള്ളതാണ് ശ്മശാനം. കക്കടവ് പുഴയോരത്തോാണ് 50 സെന്റ് ശ്മശാനഭൂമി.
പ്രദേശത്തെ ഭൂവുടമ കൈവശഭൂമിയില്‍ ഏതാനും ഏക്കര്‍ വില്‍പന നടത്തിയ സാഹചര്യത്തില്‍ പഞ്ചായത്ത് ഇടപെട്ടാണ് അര ഏക്കര്‍ ശ്മശാനത്തിനു ലഭ്യമാക്കിയത്. ഈ ഭൂമിയോടുചേര്‍ന്ന് വയലിലേക്കു രണ്ട് മീറ്റര്‍ വീതിയില്‍ വഴിയും അനുവദിച്ചിരുന്നു. ശ്മശാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ സ്വകാര്യ കൈവശമായിരുന്നുവെങ്കിലും വയലിലൂടെയുള്ള സഞ്ചാരത്തിന് തടസമുണ്ടായിരുന്നില്ല. അടുത്തകാലത്തു പാടം വേലികെട്ടി തിരിച്ചതോടെ ശനമഞ്ചവും പേറി വയല്‍വരമ്പിലൂടെയുള്ള യാത്ര അസാധ്യമായി. മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് മറവുചെയ്യേണ്ട പരിതാപകരമായ അവസ്ഥയിലാണ് ആദിവാസികള്‍. വീടുകള്‍ നില്‍ക്കുന്ന സ്ഥലം മാത്രമാണ് കോളനികളിലെ കുടുംബങ്ങള്‍ക്കുള്ളത്. അടുത്തടുത്ത് വീടുകള്‍ ഉള്ളതിനാല്‍ മൃതശരീരം മറവുചെയ്യുന്നതു സംബന്ധിച്ചു തര്‍ക്കങ്ങളും പതിവാണ്. ശ്മശാനഭൂമി പലപ്പോഴും സാമൂഹികവിരുദ്ധര്‍ താവളമാക്കുന്നുണ്ട്. ശീട്ടുകളിക്കാരും ചാരായവാറ്റുകാരും ഇവിടെ യഥേഷ്ടം വിഹരിക്കുകയാണ്.
ശ്മശാനത്തിനു ചുറ്റുമതില്‍ തീര്‍ക്കുന്നതിനും ഷെഡ് നിര്‍മിക്കുന്നതിനും പഞ്ചായത്ത് വര്‍ഷങ്ങള്‍ മുന്‍പ് തുക അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലത്തേക്കു സാമഗ്രികള്‍ എത്തിക്കാന്‍ വഴിയില്ലാത്ത സാഹചര്യത്തില്‍ രണ്ടു പ്രവൃത്തിയും നടന്നില്ല.
ശ്മശാനഭൂമിയിലേക്ക് പാടത്തുകൂടി പാത പണിതാല്‍ പ്രശ്നത്തിനു പരിഹാരമാകും. ഇതിനു പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നു പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.

 

Latest News