കൂത്തുപറമ്പ്-കണ്ണൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ ആളപായവും കൂടുതല്‍ നാശനഷ്ടവും ഒഴിവായി. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആറാംമൈലിലെ എം.എ മന്‍സിലില്‍ മശൂദിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ ബന്ധു പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അസഹനീയ ചൂടുകാരണം ആര്‍ക്കും ആദ്യം മുറിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ഒടുവില്‍, കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തത്തില്‍ മുറിയിലെ ഫര്‍ണിച്ചര്‍ മുഴുവന്‍ കത്തിനശിച്ചു. ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചതോടൊപ്പം ചുമരുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്. മശൂദിന്റെ മകനാണ് മുറി ഉപയോഗിച്ചിരുന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.






