ഡബ്ലിന്‍- ഇന്ത്യന്‍ വംശജന്‍ ലിയോ വരാഡ്കര്‍ (43) അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. രണ്ടാം വട്ടമാണ് ഇദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. നിലവില്‍ ഉപപ്രധാനമന്ത്രി ആയിരുന്നു. കൂട്ടുകക്ഷി സര്‍ക്കാരിലെ ഫിയാനഫോള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് പാര്‍ട്ടി നേതാവായ വരാഡ്കര്‍ പ്രധാനമന്ത്രിയായത്. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ മൂന്ന് കക്ഷികള്‍ ചേര്‍ന്നതാണു ഭരണമുന്നണി.
ഡോക്ടറായ വരാഡ്കര്‍ 2007 ല്‍ ആണ് ആദ്യം എം.പിയായത്. കോവിഡ് കാലമായതിനാല്‍ ആ സമയത്ത് അദ്ദേഹം തന്റെ സേവനം ആശുപത്രിയിലും ഉറപ്പ് വരുത്തിയിരുന്നു. 2017 ജൂണ്‍ 13 ന് പ്രധാനമന്ത്രിയായപ്പോള്‍ 38 വയസായിരുന്നു വരാഡ്കറിന്. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്.
മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്. അയല്‍ രാജ്യമായ ബ്രിട്ടനില്‍ ഇന്ത്യന്‍ ബന്ധങ്ങളുള്ള ഋഷി സുനക് പ്രധാനമന്ത്രിയായ അവസരത്തില്‍ ലിയോ വരാഡ്കറിനും പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് ഇരുവരുടെയും ഇന്ത്യന്‍ പശ്ചാത്തലം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി.