- സർവേ അപ്പടി വിഴുങ്ങില്ലെന്നും റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം - ബഫർസോൺ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമാണെന്നും എന്നാൽ എല്ലാ കാര്യങ്ങളും അതിൽ ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു അന്തിമ രേഖയല്ല. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാനാണ് വിദഗ്ധ സമിതിയെ നിയമിച്ച് അതിന്റെ തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിലിനെ നിയോഗിച്ചത്.
കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. കേന്ദ്ര സർക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികൾ നടക്കുകയാണ്. നേരത്തെ ഒഴിഞ്ഞുപോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തും. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നു. കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും.
എന്നാൽ, ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നു. അതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. അവരുടെ ഉദ്ദേശമനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്. സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങളുടെ താൽപര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്നും സർവേ അതേപടി വിഴുങ്ങില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു. നിലവിലെ ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.






