സൗദിയില്‍ ശമ്പളം മൂന്ന് ശതമാനം വര്‍ധിക്കും, ബോണസും പ്രതീക്ഷിക്കാം; റിയല്‍ എസ്റ്റേറ്റ് മേഖല പൊളിക്കും

റിയാദ്- സൗദി അറേബ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യവസായം രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖലയായി മാറിയിരിക്കുന്നുവെന്ന് സര്‍വേ ഫലം. റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റായ കൂപ്പര്‍ ഫിച്ച് അതിന്റെ വാര്‍ഷിക ശമ്പള ഗൈഡിലും നിയമന സ്ഥിതിവിവരക്കണക്കിലുമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.  
തൊഴിലന്വേഷകര്‍ക്കും മാനേജര്‍മാരെ നിയമിക്കുന്നതിനുമുള്ള വഴികാട്ടിയായാണ് ഈ വര്‍ഷത്തെ പ്രധാന ട്രെന്‍ഡുകള്‍ തിരിച്ചറിയുന്ന റിപ്പോര്‍ട്ട്.  യുഎഇയിലെ വിവിധ മേഖലകളിലെ ശമ്പള മാനദണ്ഡങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, പ്രധാന സ്ഥാനങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍  ഉള്‍ക്കൊള്ളുന്നു.
2023ല്‍ സൗദി അറേബ്യയിലെ ശമ്പളം മൂന്ന് ശതമാനം വര്‍ദ്ധിക്കുമെന്നും  കൂപ്പര്‍ ഫിച്ച് പ്രതീക്ഷിക്കുന്നു. സൗദിയില്‍ ഈ വര്‍ഷം റിക്രൂട്ട്‌മെന്റില്‍ കാര്യമായ ഉയര്‍ച്ചയാണ് ഉണ്ടായത്.   റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് വലിയ തോതിലുള്ള റിക്രൂട്ട്‌മെന്റ് നടന്നത്.
കൂപ്പര്‍ ഫിച്ച് സര്‍വേയില്‍ പങ്കെടുത്ത സൗദി അറേബ്യയിലെ  57 ശതമാനം സ്ഥാപനങ്ങളും ഈ വര്‍ഷം തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേ വര്‍ധന അടുത്ത വര്‍ഷവും വര്‍ധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത  25 ശതമാനം സ്ഥാപനങ്ങളാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയിടുന്നത്.
വര്‍ഷത്തിന്റെ അവസാനം എണ്ണ വില കുറഞ്ഞുവെങ്കിലും ജൂണില്‍ ഉയര്‍ന്ന ക്രൂഡിന്റെ ബാരല്‍ വില സൗദി അറേബ്യയുടെ തൊഴില്‍ വിപണിയില്‍ നല്ല സ്വാധീനം ചെലുത്തിയെന്ന് കൂപ്പര്‍ ഫിച്ച് സ്ഥാപകനും സിഇഒയുമായ ട്രെഫോര്‍ മര്‍ഫി പറഞ്ഞു.
രാജ്യത്തെ മെഗാ, ഗിഗാ പ്രോജക്റ്റുകളെ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിക്ഷേപം സഹായകമായി.  
കൂപ്പര്‍ ഫിച്ച് സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേര്‍ അടുത്ത വര്‍ഷം ശമ്പളം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി 81 ശതമാനം പേരും വാര്‍ഷിക ബോണസ് പ്രതീക്ഷിക്കുന്നുണ്ട്.

 

Latest News