അനീതിയുടെ പെരുമഴയത്ത് നിർത്തി അവർ ആ മനുഷ്യനെ ഇല്ലാതാക്കി

ഭീമ കൊറെഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സാമിയെ കുടുക്കിയതാണെന്നും അതിനായി അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ ഹാക്കിങിലൂടെ രേഖകൾ സ്ഥാപിക്കുകയായിരുന്നു എന്നതും പിന്നീട് ജയിലിൽ ചികിത്സ പോലും നിഷേധിച്ച് ഇൻസ്റ്റിറ്റിയൂഷനൽ കൊല നടത്തുകയായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. അപ്പോഴെല്ലാം രേഖകൾ യാഥാർത്ഥ്യമാണെന്ന വാദമാണ് അധികൃതർ ഉയർത്തിയിരുന്നത്. ഇപ്പോഴിതാ ആ വാദവും തെറ്റാണെന്നു തെളിഞ്ഞിരിക്കുന്നു.  ബോസ്റ്റൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഴ്സണൽ കൺസൾട്ടിങ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 'മാവോയിസ്റ്റുകളുടെ കത്തുകൾ എന്ന നിലയിൽ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്ടോപ്പിൽ സ്ഥാപിച്ചത്. 2014 മുതൽ 2019 ജൂൺ 11 വരെ ഹാക്കിങ് നടന്നു' എന്നാണ് സ്ഥാപനം പുറത്തുവിട്ടിരിക്കുന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ ലാപ്ടോപ്പുകളിലും ഹാക്കിങ് നടന്നിട്ടുണ്ട്. മൂന്നു പേരുടെയും ലാപ്‌ടോപ് ഹാക്ക് ചെയ്തത് ഒരാളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷത് എന്ന ദളിത് സംഗമവുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ഝാർഖണ്ഡിലെ ആദിവാസി മേഖലകളിൽ പ്രവർത്തിച്ചിരുന്ന സ്റ്റാൻ സാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2020 ഒകേ്ടാബറിൽ ആയിരുന്നു അറസ്റ്റ്.  
'എനിക്ക് സംഭവിക്കുന്നത് എനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. രാജ്യത്തുടനീളം നടക്കുന്ന വിശാലമായ പ്രക്രിയയാണിത്. പ്രമുഖ ബുദ്ധിജീവികൾ, അഭിഭാഷകർ, എഴുത്തുകാർ, കവികൾ, ആക്ടിവിസ്റ്റുകൾ, വിദ്യാർത്ഥികൾ, നേതാക്കൾ എന്നിവരെ എങ്ങനെ ജയിലിലടക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം, കാരണം അവർ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയോ ഇന്ത്യയിലെ ഭരണാധികാരികളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്തു. ഞങ്ങൾ പ്രക്രിയയുടെ ഭാഗമാണ്. ഒരു തരത്തിൽ ഈ പ്രക്രിയയുടെ ഭാഗമാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ നിശ്ശബ്ദ കാഴ്ചക്കാരനല്ല, കളിയുടെ ഭാഗമാണ്, എന്തായാലും 

വില നൽകാൻ തയാറാണ്.' ജയിലിൽ നിന്നുള്ള സാമിയുടെ വാക്കുകളാണിവ. കേസിൽ വിചാരണ കാത്തു കഴിയുന്നതിനിടെയാണ് 2021 ജൂലൈ അഞ്ചിന് ഫാദർ സ്റ്റാൻ സാമി അന്തരിച്ചത്. തലോജ സെൻട്രൽ ജയിലിൽ തടവിലായിരിക്കുമ്പോൾ സാമി തന്റെ ജെസ്യൂട്ട് സഹപ്രവർത്തകന് അയച്ച കത്തിൽ തടവുകാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ''ഇത്തരം ദരിദ്രരായ പലർക്കും അവരുടെ മേൽ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് അറിയില്ല, അവർ കുറ്റപത്രം കണ്ടിട്ടില്ല, അവർ നിയമപരമോ മറ്റു സഹായങ്ങളോ ഇല്ലാതെ വർഷങ്ങളോളം ജയിലിൽ കിടക്കുന്നു. പക്ഷേ ഞങ്ങൾ ഇനിയും സംഘഗാനം പാടും. ഒരു കൂട്ടിൽ പക്ഷിക്ക് ഇപ്പോഴും പാടാൻ കഴിയും.'
മാവോയിസ്റ്റുകൾ എന്ന് മുദ്ര കുത്തപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത മൂവായിരത്തോളം പുരുഷന്മാരെയും സ്ത്രീകളെയും മോചിപ്പിക്കാൻ പോരാടുന്നതിനായി അദ്ദേഹവും സുധ ഭരദ്വാജും ചേർന്ന് സ്ഥാപിച്ച പീഡിത തടവുകാരുടെ സോളിഡാരിറ്റി കമ്മിറ്റി മാവോയിസ്റ്റ് ധനസമാഹരണത്തിനുള്ള ഒരു മുന്നണിയായിരുന്നു എന്നായിരുന്നു സാമിക്കെതിരായ ആരോപണം. കേസ് ആദ്യം പുനെ പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് എൻ.ഐ.എക്ക് കൈമാറി. ജയിലിൽ അദ്ദേഹം നേരിട്ടത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു. പാർക്കിൻസൺസ് രോഗം കാരണം ഗ്ലാസ് പിടിക്കാൻ കഴിയാത്തതിനാൽ സ്‌ട്രോയും സിപ്പറും ആവശ്യപ്പെട്ട് 2020 നവംബർ 6 ന് സാമി പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷയോട് പ്രതികരിക്കാൻ 20 ദിവസം വേണമെന്നായിരുന്നു എൻ.ഐ.എയുടെ പ്രതികരണം. സാമിയുടെ സ്‌ട്രോയും സിപ്പറും അവരുടെ പക്കലില്ലെന്ന് എൻ.ഐ.എ 2020 നവംബർ 26 ന് പ്രതികരിച്ചു. തനിക്ക് 83 വയസ്സുണ്ടെന്നും പാർക്കിൻസൺസ് രോഗം ബാധിച്ചതായും ചൂണ്ടിക്കാട്ടി സാമി രണ്ടാം തവണ ജാമ്യത്തിനായി അപേക്ഷ നൽകി. 
ഫാദർ സ്റ്റാൻ സാമിക്കൊപ്പം ജയിലിൽ കഴിഞ്ഞ വിചാരണ തടവുകാരനായ ഇഖ്‌ലാഖ് റഹീം ഷെയ്ഖ് സാമി ജയിലിൽ നേരിട്ട ക്ലേശങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പുറംലോകത്തെത്തിച്ചിരുന്നു. സാമി മരിക്കുന്നതിന് മുമ്പ് വളരെക്കാലം വളരെയധികം പ്രയാസങ്ങൾ നേരിട്ടുവെന്നും അനാരോഗ്യം മൂലം നിരന്തരമായി കാൽ വഴുതി വീഴുമായിരുന്ന അദ്ദേഹത്തിന് അപ്പോഴെല്ലാം ചികിത്സ നിഷേധിച്ചുവെന്നും സാമിയുടെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യ സ്ഥിതിയെ ജയിൽ ഭരണകൂടം അവഗണിച്ചുവെന്നും ആരോപിച്ച് 2019 മാർച്ചിൽ അദ്ദേഹമെഴുതിയ കത്ത്  ദി വയർ പ്രസിദ്ധീകരിച്ചു. സാമിയെ ആദ്യമായി ജയിലിലേക്ക് കൊണ്ടുവരുമ്പോൾ പ്രായമായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമായിരുന്നു. 
താമസിയാതെ അദ്ദേഹത്തിന് ഹൃദയ സംബന്ധമായും നട്ടെല്ലുമായും ബന്ധപ്പെട്ട് ചില അസ്വസ്ഥതകൾ വന്നു തുടങ്ങി. വളരെ അടിയന്തരമായി വൈദ്യശാസ്ത്ര പരിചരണം അദ്ദേഹത്തിന് ആവശ്യമായിരുന്നു. പക്ഷേ, അതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന ജയിൽ സൂപ്രണ്ട് കൗസ്തുഭ് കുറുലേക്കറും ജയിൽ ഡോക്ടർ സുനിൽ കാലേയും ചേർന്ന് നിഷ്‌കരുണം തള്ളുകയായിരുന്നു എന്നാണ് ഷെയ്ഖ് കത്തിലൂടെ ആരോപിക്കുന്നത്. 'അണ്ഡ സെൽ' എന്നറിയപ്പെടുന്ന മുട്ടയുടെ ആകൃതിയിലുള്ള സെല്ലിലാണ് അദ്ദേഹത്തെ പാർപ്പിച്ചത്.  വായു സഞ്ചാരത്തിനുള്ള ജനലുകൾ ഒന്നുമില്ലാത്ത ആ സെല്ലിൽ സാധാരണയായി കൊടും കുറ്റവാളികളെയും ജയിൽ ചാടുമെന്ന് പ്രതീക്ഷിക്കുന്നവരെയുമാണ് പാർപ്പിക്കുക. നിരന്തരമായി അഭ്യർത്ഥിച്ചിട്ടും അദ്ദേഹത്തിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് കൊടുക്കാൻ പോലും ജയിൽ അധികൃതർ തയാറായില്ല. ഒടുവിൽ കോവിഡ് ബാധിതനായ അദ്ദേഹം ബാന്ദ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. 
അതിനിടെ, സ്റ്റാൻ സാമി ഉൽക്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണശേഷം ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. സ്റ്റാൻ സാമി സമർപ്പിച്ച ഹരജികളിൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേൾക്കവേ ആയിരുന്നു കോടതിയുടെ പരാമർശമെന്നതാണ് തമാശ. 
ദീർഘകാലമായി മധ്യേന്ത്യയിലെ ആദിവാസികൾക്കിടയിൽ സാമൂഹിക പ്രവർത്തനം നടത്തിവന്ന സാമിയെ കള്ളക്കേസിൽ കുടുക്കിയതും അദ്ദേഹത്തിന്റെ  മരണവും നമ്മുടെ ഭരണകൂടവും സമൂഹവും എത്രമേൽ മനുഷ്യ വിരുദ്ധമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. 
 

Latest News