ചാൻസലർ പ്രശ്‌നവും പ്രതിപക്ഷ നിലപാടും

സർവകലാശാല ചാൻസലർ നിയമന ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് ചെറുതാണെന്നും എന്നിട്ടും അവസാന ഭാഗത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമെന്ന് വിമർശിച്ച് സംസ്ഥാന നിയമ മന്ത്രി പി. രാജീവ് രംഗത്തു വരികയുണ്ടായി. പ്രതിപക്ഷത്തിന് തർക്കിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. പ്രോട്ടോകോൾ ലംഘനമെന്നാണ് അവർ ഉന്നയിച്ച ഒരു പ്രശ്നം. 

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ബിൽ നിയമസഭ പാസാക്കിയത് കേരള രാഷ്ട്രീയത്തിലുണ്ടായ പുതിയ വഴിത്തിരിവായി വേണം കാണാൻ.  കേരള ചരിത്രത്തിലൊരു പുതിയ അധ്യായം തുറക്കുകയാണ്. ഗവർണർമാർക്കെതിരെ മുമ്പും വിമർശനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ബിൽ പാസാക്കിയത് പുതുചരിത്രമാണ്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബില്ലാണ് സഭ പാസാക്കിയത്. ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കും. ഇതിന്മേൽ ഗവർണർ എന്തു നടപടിയാവും സ്വീകരിക്കുകയെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ബിൽ സഭയിൽ അവതരിപ്പിച്ച ദിവസം നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് നിർദേശിച്ച മാറ്റങ്ങളോടെയാണ് സബ്ജക്ട് കമ്മിറ്റിയിൽ നിന്ന് ബിൽ  സഭയിൽ തിരിച്ചെത്തിയത്.  എന്നാൽ ബിൽ ചർച്ചക്ക് എടുത്തപ്പോൾ പ്രതിപക്ഷം വീണ്ടും മാറ്റം നിർദേശിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ പുതിയ നിർദേശങ്ങൾ ഭാഗികമായി സർക്കാർ അംഗീകരിച്ചെങ്കിലും വിരമിച്ച ജഡ്ജി ചാൻസലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം സർക്കാർ നിരാകരിച്ചു. ഇതിനെത്തുടർന്നാണ്  പ്രതിക്ഷം സഭ ബഹിഷ്‌കരിച്ചത്.  എന്നാലിതിനെ രാഷ്ട്രീയ അടവ് നയമായി കണ്ടാൽ മതി.
കേന്ദ്രത്തെയും ഒപ്പം സംസ്ഥാന സർക്കാരിനെയും എതിർക്കേണ്ടത് കോൺഗ്രസിന് ആവശ്യമാണ്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടക കക്ഷികൾ ഗവർണറുടെ നിലപാടുകളെ എതിർക്കുന്നുണ്ട്. ഇതും കോൺഗ്രസിന് കണക്കിലെടുക്കേണ്ടതുണ്ട്. ചർച്ചക്കിടെ ലീഗിനെ മന്ത്രി രാജീവ് വാനോളം പുകഴ്ത്തിയതും ശ്രദ്ധേയമാണ്. 
ലീഗാണ് ഗവർണറുടെ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞത്. ലീഗ് ഗവർണർക്ക് എതിരെ നടത്തിയ പ്രസ്താവന സഭയിൽ മന്ത്രി വായിക്കുകയും ചെയ്തു. കോൺഗ്രസും ലീഗും തമ്മിലുള്ള വ്യത്യാസം ഇതാണെന്നു പറഞ്ഞ് പ്രതിപക്ഷത്തെ രണ്ടു തട്ടിലാക്കാനും അദ്ദേഹം ശ്രമിച്ചു.
ഗവർണർക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സഭയിൽ നടത്തിയതെന്നതും ഇതിനോട് കൂട്ടിവായിക്കണം. ഗവർണർ കേറി ഭരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ വിഷയത്തിൽ കോൺഗ്രസിനേക്കാൾ ഒരു പടി മുന്നിൽ ലീഗ് പ്രതിഷേധം ഉയർത്തുന്നുണ്ട്. ഈ സാഹചര്യം മുതലാക്കാ

നാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. ഗവർണറെ നീക്കണമെന്ന ലീഗ് നിലപാടിൽ മാറ്റമില്ല.
കൂട്ടത്തിൽ സർക്കാരിനെതിരെയും ലീഗ് നേതാവ് വിമർശനം ഉന്നയിച്ചു. സർവകലാശാലകളെ ഏകപക്ഷീയമായും യൂനിയൻ വൽക്കരിച്ചും മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ല. 
സർവകലാശാല ഭരണത്തിൽ പ്രതിപക്ഷത്തെ കേൾക്കുന്നേയില്ല. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്നും സമരത്തിൽ നിന്നും കലാപങ്ങളിൽ നിന്നും സർവകലാശാലകളെ മോചിപ്പിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകൾക്കും ഒരു ചാൻസലർ മതിയെന്നായിരുന്നു  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ഭേദഗതി. എന്നാൽ കോൺഗ്രസിന് ഭരണം ലഭിക്കുമ്പോൾ ഇങ്ങനെയായിരിക്കുമോ ചെയ്യുകയെന്ന ചോദ്യം പ്രസക്തമാണ്. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജി ചാൻസലറാകണമെന്നും ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എന്നാൽ സമിതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കറെ ഉൾപ്പെടുത്തി സമിതിയാകാമെന്നാണ് നിയമ മന്ത്രി പി. രാജീവ് പറഞ്ഞത്.
വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിന്റെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി രാജീവ് ഈ ആവശ്യം തള്ളി. ധൈഷണിക നേതൃത്വമാണ് സർവകലാശാലകൾക്ക് വേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ധരാണ് ചാൻസലർ സ്ഥാനത്തെത്തുകയെന്നും രാജീവ് പറഞ്ഞു. ചാൻസലറായി ആരെ നിയമിക്കണമെന്ന കാര്യത്തിലാണ് പ്രതിപക്ഷം തർക്കം ഉന്നയിക്കുന്നത്. വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണമെന്ന സർക്കാർ നിർദേശം പ്രതിപക്ഷം അംഗീകരിച്ചില്ല. അക്കാദമിക് സ്ഥാപന മേധാവികളായി വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.  എന്നാൽ പ്രതിപക്ഷ ആവശ്യം തള്ളിയ സർക്കാർ അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്ത് അക്കാദമിക് മികവുള്ളവർ മതിയെന്ന വാദത്തിൽ ഉറച്ചു നിൽക്കുകായയിരുന്നു. സർക്കാരിന്റെ നിലപാടാണ് ഇക്കാര്യത്തിൽ കൂടുതൽ യുക്തിസഹം. നിയമപരമായ കാര്യങ്ങളുടെ തലപ്പത്ത് വിരമിച്ച ജഡ്ജിമാരെ വെക്കാം. സർവകലാശാലകളുടെ ചാൻസലർമാരായി ഇവരെ വെക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതാനാവില്ല.
ചാൻസലറെ തീരുമാനിക്കാനുള്ള സമിതിയിൽ പ്രതിപക്ഷത്തെ ഉൾപ്പെടുത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അക്കാദമിക് വിദഗ്ധരെ നിയമിക്കുമെന്ന സർക്കാർ വാദത്തിൽ വിശ്വാസമില്ലെന്നും സർക്കാരിന് ദുരുദ്ദേശ്യമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിൽ പ്രതിപക്ഷം നൽകിയത് ഫലപ്രദമായ നിർദേശമാണ്. നിലവിലുള്ളത് പോലെ എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസലർ മാത്രം മതി. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിർദേശം. എന്നാൽ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്താൻ ആകില്ലെന്ന് നിയമ മന്ത്രി നിലപാടെടുത്തു. എന്തായാലും വി.സി.നിയമന കാര്യത്തിൽ ഗവർണറുടെ നിലപാടുകൾക്ക് ബിൽ എന്തു മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.
സർവകലാശാല ചാൻസലർ നിയമന ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് ചെറുതാണെന്നും എന്നിട്ടും അവസാന ഭാഗത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമെന്ന് വിമർശിച്ച് സംസ്ഥാന നിയമ മന്ത്രി രംഗത്തുവരികയുണ്ടായി. പ്രതിപക്ഷത്തിന് തർക്കിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. പ്രോട്ടോകോൾ ലംഘനമെന്നാണ് അവർ ഉന്നയിച്ച ഒരു പ്രശ്നം. എന്നാൽ ആ വാദത്തിൽ നിന്ന് അവർ തന്നെ പിൻവാങ്ങിയിരുന്നു. ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വളരെ ചെറിയ വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇറങ്ങിപ്പോകേണ്ട ഒന്നായിരുന്നില്ല ഇത്.  പ്രോട്ടോകോൾ ലംഘനമൊഴിവാക്കാൻ വേണ്ടി ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരെ ചാൻസലറായി നിയമിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് നിർദേശിച്ചതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.
പ്രോട്ടോകോളിൽ ഒരിടത്തും വിരമിച്ച ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ ഇല്ലാത്തതിനാൽ ആ വാദവും നിലനിൽക്കുന്നതല്ല. വിഷയത്തിൽ വിശാലമായ കാഴ്ചപ്പാടാണ് സർക്കാർ പുലർത്തിയിരുന്നത്. ഇതു പ്രകാരം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും യോഗ്യനായ ആളെ നിയമിക്കാനാണ് സർക്കാർ നിലപാടെടുത്തത്. 
എന്നാൽ അത് പരിമിതപ്പെടുത്തുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ നിർദേശമെന്നും അങ്ങേയറ്റം സങ്കുചിതമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയതെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തുകയുണ്ടായി. എന്തായാലും നമ്മുടെ സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പരിശ്രമങ്ങൾ തുടരുക തന്നെ വേണം. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുകയെന്നതിലുപരി ഇതാവണം മുഖ്യ അജണ്ട.

Latest News