പട്‌ന - വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 53 പേര്‍ മരിക്കാനിടയായ ശരണ്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന.
മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു നഷ്ടപരിഹാരവും നല്‍കില്ല. മദ്യപിക്കുന്നവര്‍ മരിക്കുമെന്നും മദ്യപിക്കരുതെന്നും ജനങ്ങളോട് അപേക്ഷിച്ചിരുന്നതാണ്. മദ്യപാനത്തിന് അനുകൂലമായി സംസാരിക്കുന്നവര്‍ നിങ്ങള്‍ക്ക് ഒരു ഗുണവുമുണ്ടാക്കില്ല, നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
നിതീഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരേ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച ബി.ജെ.പി എം.എല്‍.എമാര്‍ പ്രതിഷേധവുമായി നിയമസഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ വെള്ളിയാഴ്ച ഗവര്‍ണറെ കാണുന്നുണ്ട്.