ചുറ്റി നടക്കാന്‍ പറ്റില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം- ചുറ്റിനടക്കുന്ന ഉദ്യോഗസ്ഥരെ പിടിക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് നടപ്പിലാക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ  കര്‍ശന നിര്‍ദേശം. കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുന്‍പായി ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കി ഹാജര്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫീസുകളിലും 2023 മാര്‍ച്ച് 31ന് മുന്‍പ് നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കി.
2019 മുതലാണ് പഞ്ചിംഗ് നടപ്പിലാക്കാന്‍ നിര്‍ദേശം വന്നത്. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍എന്നിവിടങ്ങളില്‍ പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിനു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം നടപ്പായിരുന്നില്ല. ഇതിനു ശേഷവും പഞ്ചിംഗ് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയത്. അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്പാര്‍ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.
ഓരോ വകുപ്പിലെയും അഡീഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ജോയിന്റ് സെക്രട്ടറിയെ അതതു വകുപ്പിനു കീഴിലുള്ള ഓഫീസുകളില്‍ പഞ്ചിംഗ് നടപടികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

 

Latest News