ആംആദ്മി ഇല്ലായിരുന്നെങ്കില്‍ ബി.ജെ.പിയെ തറപറ്റിക്കുമായിരുന്നു-രാഹുല്‍ ഗാന്ധി

ജയ്പൂര്‍-ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഇല്ലായിരുന്നുവെങ്കില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ ആം ആദ്മി പാര്‍ട്ടി വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീമാണ്. അതേസമയം, കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയൊടൊപ്പം ചേര്‍ന്നുവെന്ന ആരോപണം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു.  സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച തങ്ങളുടെ ഗുജറാത്തിലേക്കുള്ള പ്രവേശനം തടയാന്‍ ബി.ജെ.പി.ക്കൊപ്പം നിന്നത് കോണ്‍ഗ്രസാണെന്ന്  എഎപി തിരിച്ച് ആരോപണം ഉന്നയിക്കുകയും ചെയ്തു.
ബി.ജെ.പി ഇന്ത്യയെ വിഭജിക്കുകയാണെന്നും വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
വിദ്വേഷം പ്രചരിപ്പിക്കുകയും ഇന്ത്യയെ വിഭജിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കാര്‍ക്ക് അവര്‍ ആരാണെന്ന് നന്നായി അറിയാം.  കോണ്‍ഗ്രസ് നേരിടുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താനുള്ള കാഴ്ചപ്പാടും നിലപാടും പ്രാദേശിക പാര്‍ട്ടികള്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ എഎപിക്ക് വലിയ പങ്കുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും നേരത്തെ പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണെന്നും ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഒരുപാട് നാശം വരുത്തിയെന്നും ഗെലോട്ട് പറഞ്ഞു.

 

Latest News