രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഒരിക്കലും ഉണ്ടാകാറില്ല. ഇന്നത്തെ ശത്രു നാളെ മിത്രമാകും. ഇന്നത്തെ മിത്രം നാളെ ശത്രുവാകും. കേരളത്തിൽ തുടർഭരണം കാലങ്ങളോളം നിലനിർത്തിക്കൊണ്ടു പോകുകയെന്നതാണ് പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ലക്ഷ്യം. അതിന് വേണ്ടി മുസ്‌ലീം ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകുന്നതിൽ സി.പി.എമ്മിന് ഒട്ടും മടിയില്ല, കാരണം ഇത് രാഷ്ട്രീയമാണ്.
നെഹ്‌റുവിന്റെ ചത്ത കുതിരയിൽ നിന്ന് എം.വി. ഗോവിന്ദന്റെ മതേതര സർട്ടിഫിക്കറ്റിലേക്ക് മുസ്‌ലിം ലീഗ് എത്തുമ്പോൾ പതിറ്റാണ്ടുകളായി പാർട്ടിക്ക് നേരിടേണ്ടി വന്നത് നിരവധി രാഷ്ട്രീയ പരീക്ഷണങ്ങളാണ്. ഈ പരീക്ഷണങ്ങൾക്കിടയിൽ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയുമെല്ലാം പ്രീതി ഒരുപോലെ സമ്പാദിക്കാൻ മുസ്‌ലീം ലീഗിന് കഴിഞ്ഞെങ്കിൽ അത് തീർച്ചയായും അവരുടെ രാഷ്ട്രീയ നേട്ടം തന്നെയാണ്. പേരിന് മുന്നിൽ മുസ്‌ലിം എന്ന പദം ഉള്ളതുകൊണ്ട് മാത്രം മുസ്‌ലിം ലീഗ്് മതാധിഷ്ഠിത പാർട്ടിയാണെന്നും അതുകൊണ്ട് തന്നെ ലീഗിനെ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നടക്കുന്ന സമയത്താണ് ലീഗ് മതേതര പാർട്ടിയാണെന്ന് ശത്രുക്കൾ പോലും സമ്മതിക്കുന്നത്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മുസ്‌ലിം ലീഗിന്റെ മതേതര കാഴ്ചപ്പാടിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ. 1948 ൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് രൂപം കൊണ്ടത് മുതൽ ഇത് മതേതര പാർട്ടിയാണോ വർഗീയ കക്ഷിയാണോ എന്നത് സംബന്ധിച്ച് കോലാഹലങ്ങൾ നടക്കുന്നുണ്ട്. രൂപീകരണം മുതൽ തന്നെ ശക്തമായ മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമ്പോഴും മറ്റു രാഷ്ട്രീയ പാർട്ടികൾ മുസ്‌ലിം ലീഗിനെ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് മതേതര പാർട്ടിയായും വർഗീയ പാർട്ടിയായും വിലയിരുത്താറുണ്ട്. അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി ഏതെങ്കിലും പാർട്ടികളുടെ നിലപാടുകളെ എതിർത്താൽ അവർക്ക് മുസ്‌ലിം ലീഗ് വർഗീയ കക്ഷിയാകും അനുകൂലിച്ചാൽ ലീഗ് മതേതരത്വത്തിന്റെ കറകളഞ്ഞ സംരക്ഷകരായി മാറും. ഇതു തന്നെയാണ് കാലങ്ങളായി സംഭവിച്ചതും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതും.
മുസ്‌ലിം ലീഗിനെ ചത്ത കുതിരയെന്നാണ് ജവാഹർലാൽ നെഹ്‌റു 1957 ൽ വിശേഷിപ്പിച്ചത്. അതിന്റെ അലയൊലികൾ മാറും മുൻപ് തന്നെ നെഹ്‌റുവിന്റെ പാർട്ടി മുസ്‌ലിം ലീഗുമായി കൂട്ടുകൂടി. ലീഗ് നേതാക്കളായ സി.എച്ച്. മുഹമ്മദ് കോയക്കും എ.പി.എം. അഹമ്മദ് കുരിക്കൾക്കും അവുക്കാദർകുട്ടി നഹക്കും മന്ത്രിസ്ഥാനം നൽകിയ ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ പിന്നീട് ലീഗിനെ ന്യൂനപക്ഷ വർഗീയ പാർട്ടിയായി ചിത്രീകരിച്ചു. ഇത് പിന്നീട് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടായി മാറി. ആ നിലപാടിനെ എതിർത്തുകൊണ്ട് പാർട്ടിയിൽ ബദൽ രേഖ അവതരിപ്പിച്ചതിനാണ് സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായിരുന്ന എം.വി. രാഘവന് പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടിവന്നത്. രാഘവനൊപ്പമുണ്ടായിരുന്ന ഇ.കെ. നായനാർ അടക്കമുള്ള മറ്റു നേതാക്കൾ തെറ്റു തിരുത്തിക്കൊണ്ട് പാർട്ടിക്ക് വിധേയപ്പെട്ടതിനാൽ അവർക്ക് പുറത്ത് പോകേണ്ടി വന്നില്ല. ഇത്രയും കാര്യങ്ങൾ പഴയ ചരിത്രം. എന്നാൽ ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുസ്‌ലിം ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകുമ്പോൾ ലീഗിനെ സംബന്ധിച്ച് ഇ.എം.എസിന്റെ പഴയ തിസീസ് പാർട്ടി ഇതുവരെ തിരുത്തിയിട്ടില്ലെന്നത് മറ്റൊരു കാര്യം.
മുസ്‌ലിം ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകിയതിലൂടെ സാക്ഷാൽ ഇ.എം.എസിനെ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെക്കൂടി തിരുത്തുകയാണ് എം.വി. ഗോവിന്ദൻ ചെയ്തിട്ടുള്ളത്. തങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ പറയുമ്പോഴും മധുരമായ ചില പ്രതികാരങ്ങൾ ആ വാക്കുകളിൽ അടങ്ങിയിരിക്കുന്നുണ്ട്. വാർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ഗവർണർക്കെതിരെയുള്ള നീക്കങ്ങളിലടക്കം സർക്കാരിനെ അനുകൂലിച്ചതുകൊണ്ടാണ് എം.വി. ഗോവിന്ദനും സി.പി.എമ്മിനും മുസ്‌ലിം ലീഗ് മതേതര കക്ഷിയായി മാറിയതെന്ന് ലീഗ് നേതൃത്വത്തിന് കൃത്യമായ ബോധ്യമുണ്ട്. പക്ഷേ തങ്ങളെ തള്ളിപ്പറഞ്ഞവരെക്കൊണ്ട് തന്നെ ഗുഡ് സർട്ടിഫിക്കറ്റ് എഴുതിക്കാൻ കഴിഞ്ഞുവെന്നതാണ് ഇതിലൂടെ ലീഗിനുണ്ടായ രാഷ്ട്രീയ നേട്ടം. മാത്രമല്ല, യു.ഡി.എഫിനെ ഒന്നു വിറപ്പിച്ച് നിർത്താൻ ഈ ഗുഡ് സർട്ടിഫിക്കറ്റ് മുസ്‌ലിം ലീഗ് നേതൃത്വത്തിന് ഉപയോഗിക്കാനുമാകും.
മുസ്‌ലിം ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നുവെന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അങ്ങനെയൊന്ന് സംഭവിക്കുക അസാധ്യമാണെന്നൊന്നും സി.പി.എം കരുതുന്നില്ല. എന്നാൽ വർഗീയ പാർട്ടിയെന്ന് മുദ്ര കുത്തിയ ലീഗിനെ ഇടതുമുന്നിയിലേക്ക് അടുപ്പിച്ചാൽ പാർട്ടി അംഗീകരിച്ച ഇ.എം.എസിന്റെ ആ പഴയ തിസീസ് സൈദ്ധാന്തികമായ കല്ലുകടിയായി നിൽക്കുകയും പാർട്ടിയിൽ കടുത്ത ആശയ വൈരുധ്യം ഉരുത്തിരിയുകയും ചെയ്യും. ഈ പ്രശ്‌നത്തെയാണ് ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് ഒറ്റയടിക്ക് എം.വി. ഗോവിന്ദൻ പരിഹരിച്ചത്. ഇനി എപ്പോൾ വേണമെങ്കിലും ലീഗിന് മുന്നിൽ എ.കെ.ജി സെന്ററിന്റെ വാതിലുകൾ തുറന്നിടാം. അത്തരമൊരു സാധ്യതയെ മുസ്‌ലിം ലീഗ് നേതൃത്വം ഏത് രീതിയിൽ ഉൾക്കൊള്ളുമെന്നത് ഭാവിയിൽ തീരുമാനിക്കേണ്ട കാര്യമാണ്.
മുസ്‌ലിം ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകിയതിലൂടെ ഒറ്റയടിക്ക് മൂന്ന് കാര്യങ്ങളാണ് എം.വി. ഗോവിന്ദൻ നടപ്പാക്കിയിട്ടുള്ളത്. സി.പി.എമ്മും മുസ്‌ലിം ലീഗും തമ്മിലുള്ള ബാരിക്കേഡുകൾ പൂർണമായും എടുത്തു കളഞ്ഞുവെന്നതാണ് ഒന്നാമത്തേത്. യു.ഡി.എഫിൽ പ്രത്യേകിച്ച് കോൺഗ്രസിൽ ആശങ്കയുടെ കൊടുങ്കാറ്റ് അഴിച്ചു വിടാൻ സാധിച്ചുവെന്നതാണ് രണ്ടാമത്തെ കാര്യം. സർക്കാരും ഇടതുമുന്നണിയും ഗവർണർക്കെതിരെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയപ്പോൾ നിയമസഭയിലും പുറത്തും ഒപ്പത്തിനൊപ്പം തോളോട് തോൾ ചേർന്ന് നിന്നതിന് ് ഉപകാര സ്മരണ കാണിച്ചുകൊണ്ട് വലിയൊരു രാഷ്ട്രീയ നീക്കം നടത്താൻ കഴിഞ്ഞുവെന്നതാണ് മൂന്നാമത്തെ കാര്യം.
കേരള രാഷ്ട്രീയത്തിൽ മുസ്‌ലീം ലീഗ് നിർണായക ശക്തിയാണെന്ന കാര്യത്തിൽ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനുമൊന്നും അഭിപ്രായ വ്യത്യാസമില്ല. ലീഗ് വിചാരിച്ചാൽ കേരളത്തിന്റെ കാലങ്ങളായുള്ള മുന്നണി രാഷ്ട്രീയ സൂചികയിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. അതിനുള്ള ചില നിലമൊരുക്കലുകൾ മുസ്‌ലിം ലീഗിനുള്ളിലും ലീഗിന്റെ അടിത്തറ ഇളകിപ്പോകാതിരിക്കാൻ എക്കാലവും പിന്തുണ നൽകുന്ന ഇ.കെ വിഭാഗം സുന്നികൾക്കിടയിലും നടക്കുന്നുണ്ടെന്ന് സി.പി.എം കരുതുന്നുണ്ട്. അതിന് സഹായകമായ ഒരു ഗുഡ് സർട്ടിഫിക്കറ്റ് എന്ന നിലയിലാണ് ലീഗിന്റെ മതേതര കാഴ്പ്പാടിനെ എം.വി. ഗോവിന്ദൻ വാനോളം പുകഴ്ത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനാണ് പാർട്ടിയിൽ സാധാരണയായി പൊടുന്നനെയുള്ള നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്നത്. എന്നാൽ കോടിയേരിയെപ്പോലും കടത്തിവെട്ടുന്ന രാഷ്ട്രീയ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ അഭാവത്തിൽ എം.വി. ഗോവിന്ദൻ നടത്തിയത്.
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഒരിക്കലും ഉണ്ടാകാറില്ല. ഇന്നത്തെ ശത്രു നാളെ മിത്രമാകും. ഇന്നത്തെ മിത്രം നാളെ ശത്രുവാകും. കേരളത്തിൽ തുടർഭരണം കാലങ്ങളോളം നിലനിർത്തിക്കൊണ്ടു പോകുകയെന്നതാണ് പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ലക്ഷ്യം. അതിന് വേണ്ടി മുസ്‌ലിം ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകുന്നതിൽ സി.പി.എമ്മിന് ഒട്ടും മടിയില്ല, കാരണം ഇത് രാഷ്ട്രീയമാണ്.
എതിരാളികളെ നിരായുധരാക്കാൻ എന്ത് തന്ത്രവും പ്രയോഗിക്കാം. എം.വി. ഗോവിന്ദന്റെ ഗുഡ് സർട്ടിഫിക്കറ്റ് എന്ത് മാറ്റങ്ങളാണ് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുകയെന്നതാണ് ഇനി അറിയാനുള്ളത്.






