നട്ടുപിടിപ്പിക്കുന്ന തെളിവുകൾ

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി തടവിൽ മരിച്ച ഫാദർ സ്റ്റാൻ സാമിക്കെതിരായ തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതായിരുന്നുവെന്ന നടുക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. വിവാദമായ പെഗാസസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കംപ്യൂട്ടറിൽ കൃത്രിമമായി ഇ-മെയിലുകൾ തിരുകിക്കയറ്റുകയായിരുന്നു. നാളെ പ്രതിപക്ഷ നേതാക്കളുടെ, രാഷ്ട്രീയ പ്രതിയോഗികളുടെ കംപ്യൂട്ടറുകളിലും അവരറിയാതെ ഇത്തരം മെയിലുകൾ ഒളിച്ചുകിടക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാവും. 

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനും നേട്ടത്തിനുമായി ഉപയോഗിക്കുകയെന്നത് കാലാകാലങ്ങളായുള്ള കീഴ്‌വഴക്കമാണെങ്കിലും ഇപ്പോഴത് എല്ലാ അതിരുകളും ഭേദിച്ച്, നിയമ വാഴ്ചയെത്തന്നെ വെല്ലുവിളിക്കുന്ന സ്ഥിതിയിലേക്കെത്തിയിരിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുതൽ സി.ബി.ഐ വരെയുള്ള ഏജൻസികൾ, നിരവധി കരിനിയമങ്ങൾ എല്ലാം പൗരന്മാർക്ക് മേൽ അധീശത്വം സ്ഥാപിക്കാനുള്ള ഭരണകൂട ഉപകരണങ്ങളായി മാറിക്കഴിഞ്ഞതായാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ഇതിലെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്റ്റാൻ സാമി.
ഒരു ക്രിസ്ത്യൻ പുരോഹിതനാണെങ്കിലും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളുടെ സവിശേഷത കാരണം ക്രിസ്ത്യൻ സംഘടനകളൊന്നും കാര്യമായി സ്റ്റാൻ സാമിക്കായി പരസ്യമായി രംഗത്തു വന്നില്ല. എന്നാൽ മനുഷ്യാവകാശ പ്രവർത്തകരുടെ ജാഗ്രത, ഇന്ത്യൻ സമൂഹത്തെ നടുക്കുന്ന ഒരു സത്യം പുറത്തു കൊണ്ടുവന്നിരിക്കുന്നു. സ്റ്റാൻ സാമിക്കെതിരെ കുറ്റാരോപണം നടത്താൻ കണ്ടെടുത്ത തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു എന്നതാണത്. ദേശീയ അന്വേഷണ ഏജൻസിയാകട്ടെ, ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണത്തിന് മുതിർന്നിട്ടില്ല.
2020 ൽ തീവ്രവാദ ബന്ധം ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമി അറസ്റ്റിലാവുകയും ഒരു വർഷത്തിന് ശേഷം കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു. സ്റ്റാൻ സാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിൽ 2017 മുതൽ 2019 വരെയുള്ള കാലയളവിൽ 40 ഫയലുകൾ വരെ ഹാക്കർമാർ തിരുകിക്കയറ്റിയതായി ആഴ്‌സനൽ കൺസൾട്ടന്റ്‌സ് എന്ന അറിയപ്പെടുന്ന അന്തർദേശീയ ഫോറൻസിക് അന്വേഷണ ഏജൻസി ഈ ആഴ്ച കണ്ടെത്തി. അദ്ദേഹം ആ ഫയലുകൾ ആക്‌സസ് ചെയ്തിരുന്നില്ല. പുനെ പോലീസിന്റെ അറസ്റ്റിന് ഒരു ദിവസം മുമ്പ്, ഹാക്കർമാർ അവരുടെ പ്രവർത്തനത്തിന്റെ എല്ലാ അടയാളങ്ങളും മായ്ക്കാൻ ശ്രമിച്ചുവെന്നതിനും ഫോറൻസിക് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ കണ്ടെത്തി.  ആസന്നമായ അറസ്റ്റിനെക്കുറിച്ചും കംപ്യൂട്ടർ ഏറ്റെടുക്കുന്നതിനെക്കുറിച്ചും അവർക്ക് അറിയാമായിരുന്നു. മരിച്ച വൈദികനും കേസിലെ മറ്റു കൂട്ടുപ്രതികൾക്കും എതിരെയുള്ള തെളിവുകൾ ഇതോടെ ഇല്ലാതായി. സ്റ്റാൻ സാമിയെ ഒരിക്കലും അറസ്റ്റ് ചെയ്യാൻ പാടില്ലായിരുന്നു. ജയിലിലും അദ്ദേഹത്തിന് നിരവധി പീഡനങ്ങൾ ഏൽക്കേണ്ടി വന്നു.
ഇതേ കേസിലെ മറ്റു രണ്ട് പ്രതികൾ ഉപയോഗിച്ച ഉപകരണങ്ങളിൽ കുപ്രസിദ്ധമായ പെഗാസസ് സ്‌പൈവെയറുമായി ബന്ധിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച മെയിലുകൾ തിരുകിയതും പുറത്തു വന്നിട്ടുണ്ട്. അത് അവർക്കെതിരെ തെളിവായി ഉപയോഗിച്ചു. മുഴുവൻ കേസിന്റെയും അടിസ്ഥാനം പ്രതികൾ അറിയാത്തതും അവർ ഒരിക്കലും ആക്‌സസ് ചെയ്യാത്തതുമായ ഈ കൃത്രിമ മെയിലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രതികൾ ദേശവിരുദ്ധരായി, അർബൻ നക്‌സലുകളായി വിശേഷിപ്പിക്കപ്പെട്ടു. പ്രൊഫഷണലുകൾ എന്ന നിലയിലുള്ള അവരുടെ പ്രശസ്തിക്ക് മങ്ങലേറ്റു. അവരിൽ അഭിഭാഷകർ, പ്രൊഫസർമാർ, എഴുത്തുകാർ, കലാകാരന്മാർ എല്ലാം ക്രൂരമായി അപമാനിക്കപ്പെട്ടു. എല്ലാം വ്യാജ മെയിലുകളുടെയും മറ്റു മെറ്റീരിയലുകളുടെയും അടിസ്ഥാനത്തിലാണ്.
പൗരാവകാശങ്ങളോടു കുറഞ്ഞ പരിഗണനയുള്ള ഏതൊരു ജനാധിപത്യ ഗവൺമെന്റും ഫോറൻസിക് റിപ്പോർട്ടുകൾ ഗൗരവമായി കാണുകയും ന്യായമായ അന്വേഷണം നടത്തുകയും കുറഞ്ഞത് പ്രതികളെ ജാമ്യത്തിൽ വിടുകയും ചെയ്യും. പകരം എൻ.ഐ.എയും കേന്ദ്ര സർക്കാരും ഈ റിപ്പോർട്ടുകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മൂടിവെക്കലുകളിൽ ഒന്നാണിത്.
ഇന്ത്യയിലെ ജനാധിപത്യ ചിന്താഗതിയുള്ള പൗരന്മാർ ഈ സംഭവ വികാസങ്ങളുടെയും ഭീഷണിയുടെയും പ്രത്യാഘാതങ്ങളെ ഗൗരവമായി കാണണം. യു.എസിലെ കുപ്രസിദ്ധമായ മക്കാർത്തിയുടെ കാലഘട്ടത്തിൽ, ഭരണകൂടത്തെ വിമർശിക്കുന്നവരായി കണക്കാക്കപ്പെടുന്ന ഹോളിവുഡ് താരങ്ങൾ കമ്യൂണിസ്റ്റുകാരാണെന്ന് ആരോപിക്കപ്പെട്ടു. 'തുക്‌ഡെതുക്‌ഡെ ഗുണ്ടാസംഘം' എന്ന ആരോപണത്തിന് തുല്യമാണ്  ഇത്. സമീപകാല സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്, ബോളിവുഡിലെ കലാകാരന്മാർ ഭരണകൂടത്തെ വിമർശിക്കുന്നില്ലെങ്കിലും അവരെ തിരിച്ചറിയുന്നതിൽ അവരുടെ പേരും മതവും പ്രധാന പങ്കുവഹിക്കുന്നു എന്നാണ്. പത്താൻ സിനിമക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം.
മറ്റൊരു ഉദാഹരണം ഭീമ കൊറേഗാവ് കേസാണ്. 16 പേർ ഈ കേസിൽ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും രണ്ടോ നാലോ വർഷമായി ജയിലിൽ കഴിയുകയും ചെയ്യുകയാണ്. 16 പേരിൽ മൂന്ന് പേർ ജാമ്യത്തിലാണ്, ഒരാളെ ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി, ഒരാൾ മരിച്ചു. കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി ഫാദർ സ്റ്റാൻ സാമിക്ക് ജാമ്യം നൽകുന്നതിനെതിരെ ശക്തമായി വാദിച്ചത് ഓർക്കുക. 80 വയസ്സിനു മുകളിൽ പ്രായമുള്ള, അവശനും അനാരോഗ്യവാനും ആയ അദ്ദേഹത്തിന് ജയിലിൽ മിനിമം സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ മരണം ഒരു കസ്റ്റഡി കൊലപാതകത്തിന് തുല്യമായിരുന്നു.
ഈ പ്രവർത്തനത്തിന് ഉത്തരവാദികളായ ഏജൻസികൾ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഉപകരണത്തിൽ ഹാക്ക് ചെയ്ത് വസ്തുക്കൾ നട്ടുപിടിപ്പിക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കും. ഫോറൻസിക് അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പൊതുസഞ്ചയത്തിലാണ്. ഇന്ത്യയിലെ പത്രങ്ങളിൽ മാത്രമല്ല, ലോകമെമ്പാടും ഈ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ച സമ്പന്നവും ജീവിക്കുന്നതുമായ ജനാധിപത്യ രാജ്യമെന്ന പ്രധാനമന്ത്രിയുടെ വിശേഷണവുമായി ഇത് എങ്ങനെ പൊരുത്തപ്പെടും?
ഒരു സചേതന ജനാധിപത്യത്തിന് സ്ത്രീകളെയും പുരുഷന്മാരെയും വ്യാജ തെളിവുകളുടെ പേരിൽ തടവിലാക്കാൻ കഴിയുമോ? സിനിമ നിർമാതാക്കൾക്കും കലാകാരന്മാർക്കുമെതിരായ ഭീഷണികൾക്കു ഇടം നൽകാൻ അത്തരമൊരു ജനാധിപത്യത്തിന് കഴിയുമോ? ഇവന്റ് മാനേജ്‌മെന്റിന്റെ ആഡംബരവും പ്രദർശനവും കൊണ്ട് മറച്ചുവെക്കാൻ കഴിയാത്ത, ഇന്ത്യയും അതിന്റെ പൗരന്മാരും അഭിമുഖീകരിക്കുന്ന ചോദ്യങ്ങളാണിവ. ആരാണ് മറുപടി നൽകുക.

Latest News