മൊബൈല്‍ ഷോപ്പ് തുടങ്ങാന്‍ ലക്ഷം റിയാല്‍ സംഭാവന നല്‍കി രാജകുമാരന്‍

റിയാദ് - മൊബൈല്‍ ഫോണ്‍ ഷോപ്പ് തുടങ്ങാന്‍ സൗദി യുവാവിന് അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ ഒരു ലക്ഷം റിയാല്‍ സംഭാവന നല്‍കി. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഷോപ്പ് ആരംഭിക്കാന്‍ റൂം വാടകക്കെടുത്ത യുവാവിന് ഷോപ്പിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാതാവുകയായിരുന്നു. ഇതേ കുറിച്ച് അറിഞ്ഞാണ് അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ യുവാവിന് ഒരു ലക്ഷം റിയാല്‍ സംഭാവന നല്‍കിയതെന്ന് സമൂഹത്തില്‍ വിവിധ തുറകളില്‍ പെട്ടവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ പുറംലോകത്തെ അറിയിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന പ്രശസ്ത സീരിയല്‍താരവും ആക്ടിവിസ്റ്റുമായ ഫായിസ് അല്‍മാലികി പറഞ്ഞു.
ഫൈസല്‍ എന്ന് പേരുള്ള സൗദി യുവാവിനാണ് അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്റെ സഹായം ലഭിച്ചത്. മധ്യറിയാദിലെ അല്‍റാജ്ഹി ബില്‍ഡിംഗില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് ആരംഭിക്കാന്‍ റൂം വാടകക്കെടുത്ത തനിക്ക് 45 ദിവസമായിട്ടും കടയില്‍ സാധനങ്ങള്‍ ഇറക്കാന്‍ സാധിച്ചിട്ടില്ലെന്ന്, മൊബൈല്‍ ഫോണുകളും ആക്‌സസറീസും ഇല്ലാത്ത ഷോപ്പില്‍ നിന്നുള്ള ലൈവ് വീഡിയോ ചിത്രീകരിച്ച് യുവാവ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിക്കുകയും ഉദാരമതികളുടെ സഹായം തേടുകയുമായിരുന്നു. ഇത്തരമൊരു ഷോപ്പ് തന്റെ സ്വപ്‌നമായിരുന്നെന്നും തന്റെ സ്ഥാപനത്തില്‍ കടമായി സാധനങ്ങള്‍ ഇറക്കാന്‍ സെയില്‍സ്മാന്മാര്‍ തയാറാകുന്നില്ലെന്നും കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ പണംനല്‍കി വാങ്ങാന്‍ സാധിക്കുന്നില്ലെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞു.
ഇത് ശ്രദ്ധയില്‍ പെട്ടാണ് യുവാവിനെ സഹായിക്കാന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ മുന്നോട്ടുവന്നത്. മറ്റൊരു സൗദി പൗരന്‍ ഷോപ്പിലേക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സും ആക്‌സസറീസും ദാനം ചെയ്തു. തന്നെ സഹായിക്കാന്‍ കരുണ കാണിച്ച അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരനും ഫായിസ് അല്‍മാലികിക്കും സ്‌പെയര്‍പാര്‍ട്‌സും ആക്‌സസറീസും ദാനം ചെയ്ത സൗദി പൗരനും യുവാവ് ഫൈസല്‍ നന്ദി പറഞ്ഞു.

 

 

Latest News