Sorry, you need to enable JavaScript to visit this website.

അമർഷം അണപൊട്ടി; അവസാനം കോച്ചിനെ പുറത്താക്കി പോർച്ചുഗൽ

ലിസ്ബൺ - ഖത്തർ ലോകകപ്പ് ഫുട്ബാളിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്നും ഫെർണാണ്ടോ സാന്റോസിനെ പോർച്ചുഗൽ പുറത്താക്കി.
 ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും കോച്ച് ആദ്യ ഇലവനിൽ പുറത്തിരുത്തിയതിനെതിരെ വലിയ വിമർശം ഉയർന്നിരുന്നു. അതിനു പിന്നാലെ ക്വാർട്ടറിൽ മൊറോക്കോയോട് തോൽവി കൂടി ഏറ്റുവാങ്ങിയതോടെ ആരാധകരുടെ വലിയ പ്രതിഷേധമാണ് രാജ്യം കണ്ടത്. ആ പ്രതിഷേധങ്ങളുടെ കൂടി ഫലമാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനം.
 എട്ടുവർഷം പോർച്ചുഗലിന്റെ പരിശീലക കുപ്പായം അണിഞ്ഞ ശേഷമാണ്  സാന്റോസിന്റെ പടിയിറക്കം. 2016ൽ പോർച്ചുഗൽ യൂറോ കിരീടത്തിൽ മുത്തമിട്ടതാണ് സാന്റോസിന്റെ വലിയ നേട്ടം. 2019-ൽ നേഷൻസ് ലീഗ് കിരീടനേട്ടവും സാന്റോസിന്റെ കീഴിലാണ്. 2024 യൂറോ കപ്പ് വരെയാണ് സാന്റോസുമായി കരാർ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ യൂറോ കപ്പിലും ഖത്തർ ലോകകപ്പിലും ടീമിന് മുന്നേറാൻ സാധിക്കാതെ വന്നതോടെ സാന്റോസിന് പിടിച്ചുനിൽക്കാനായില്ല. 
 ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തിനു മുമ്പിലെ തോൽവിക്കൊപ്പം ടീമിന്റെ മാസ്റ്റർ ബ്രെയ്‌നും എതിരാളികളുടെ പേടി സ്വപ്‌നവുമായ റൊണാൾഡോയെ പോലുള്ള കരുത്തനായ ഒരു പോരാളിയെ പുറത്തിരുത്തിയതാണ് സാന്റോസിന് തലവേദന ഇരട്ടിപ്പിച്ചത്. ഇത് ആരാധകർക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ ഇറക്കേണ്ട ഘട്ടങ്ങളിലെല്ലാം റൊണോൾഡോയ്ക്ക് അവസരം നൽകിയെന്നും തന്റെ തീരുമാനത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്നും ഫുട്ബാളിൽ ജയവും തോൽവിയുമെല്ലാം പറഞ്ഞതാണെന്നുമാണ് കോച്ചിന്റെ മറുപടി. കോച്ചിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും റൊണാൾഡോയുടെ ശക്തി തിരിച്ചറിയാൻ കോച്ച് വൈകിയെന്നുമാണ് ആരാധകരുടെ ആവർത്തിച്ചുള്ള വിമർശം. ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനായ ഹൊസേ മൗറിഞ്ഞോ ഉൾപ്പെടെയുള്ള പേരുകളാണ് പോർച്ചുഗൽ പകരം പരിഗണിക്കുന്നത്.

Latest News