ഭാര്യയുടെ അവിഹിതബന്ധം തെളിയിക്കാന്‍  കാമുകന്റെ ടവര്‍ ലൊക്കേഷന്‍ നല്‍കാനാവില്ല-കോടതി 

ബെംഗളൂരു- ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ അയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കണമെന്നുമുള്ള ഭര്‍ത്താവിന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. നേരത്തെ, കേസ് പരിഗണിച്ച കുടുംബകോടതി മൂന്നാംകക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
കേസില്‍ കക്ഷിയല്ലാത്ത ഒരാളുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെയും വിവാഹജീവിതത്തിന്റെയും ആകസ്മികമായുണ്ടാകുന്ന മറ്റ് ബന്ധങ്ങളുടെയും ഉള്‍പ്പെടെ സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശം പൗരനുണ്ടെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിയില്‍ ചൂണ്ടിക്കാട്ടി.
ഭര്‍ത്താവിന്റെ ക്രൂരതയെ തുടര്‍ന്ന് വിവാഹബന്ധം അവസാനിപ്പിക്കാന്‍ അനുമതി തേടി ഭാര്യ കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും ഇതാണ് വിവാഹമോചനം ആവശ്യപ്പെടാന്‍ കാരണമെന്നും ഭര്‍ത്താവ് കോടതിയില്‍ ആരോപിച്ചു. ബന്ധം തെളിയിക്കാന്‍ മൂന്നാം കക്ഷിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം 2019ല്‍ കുടുംബകോടതി അംഗീകരിക്കുകയായിരുന്നു.
ഫോണ്‍വിളികളുടെയോ മെസേജുകളുടെയോ വിശദാംശങ്ങളല്ല ഭര്‍ത്താവ് തേടുന്നതെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണെന്നുമായിരുന്നു കുടുംബകോടതിയുടെ നിരീക്ഷണം. എന്നാല്‍, ഇതിനെതിരെ ആരോപണവിധേയന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ലൊക്കേഷന്‍ ലഭ്യമാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി വിധിച്ചത്.

Latest News