റിയാദ്- സൗദി അറേബ്യയിലെ ദക്ഷിണ നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തതായി സഖ്യസേനാ വക്താവ് പറഞ്ഞു.
ജിസാന്‍ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങളായിരുന്നു യെമനില്‍നിന്ന് മിസൈല്‍ തൊടുത്ത ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ ലക്ഷ്യമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു മിസൈല്‍ ആക്രമണ ശ്രമം.
യെമന്‍ യുദ്ധത്തില്‍ ഇറാന്‍ ഭരണകൂടത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഹൂത്തികളുടെ നടപടികളെന്ന് കേണല്‍ മാലികി പറഞ്ഞു.
യെമനിലെ സായുധ സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച് ഇറാന്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. സൗദി അറേബ്യയുടെ മാത്രമല്ല, മേഖലയുടെ തന്നെ സുരക്ഷ ചെയ്യുന്നതാണ് യു.എന്‍ പ്രമേയങ്ങളായ 2216, 2231 എന്നിവ ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.