യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍

കൊല്ലപ്പെട്ട സനൽകുമാർ അറസ്റ്റിലായ ജയരാജ്, വേണു

കൊച്ചി - അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ  മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പിതാവും മകനും അറസ്റ്റില്‍. അണിയില്‍ ബീച്ചില്‍ ചങ്കരാടി വീട്ടില്‍ വേണു (63), മകന്‍ ജയരാജ് (39) എന്നിവരാണ് അറസ്റ്റിലായത്. അണിയില്‍ ബീച്ചില്‍ മുണ്ടേങ്ങാട് അശോകന്റെ മകന്‍ സനല്‍കുമാര്‍ 34 ആണ് മരിച്ചത്. പ്രതികളുടെ വീടിന്റെ അതിര്‍ത്തിയില്‍ കെട്ടുന്ന പ്ലാസ്റ്റിക് വേലി രാത്രികാലങ്ങളില്‍ പതിവായി സനല്‍ കുമാര്‍ പൊളിച്ചു കളയുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വേലി പൊളിക്കല്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രിയും തര്‍ക്കമുണ്ടായി. ഇതിനിടെ പ്രതികള്‍ കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് കാലും, കയ്യും തല്ലിയൊടിക്കയും ദേഹത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനായ സനല്‍ കുമാറിനെ  വഴിയില്‍ ഉപേക്ഷിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ ഞാറക്കല്‍ പോലീസിനു ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസെത്തി ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മാരകമായി മര്‍ദ്ദനമേറ്റിരുന്നതിനാല്‍  രാത്രി തന്നെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു. തുടര്‍ന്ന് ഞാറക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷത്തില്‍ വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.  മൃതദേഹം പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുര്‍ന്ന് സംസ്‌കരിച്ചു. സനല്‍ കുമാറിന്റെ ഭാര്യയും രണ്ടു മക്കളും രണ്ടു വര്‍ഷം മുമ്പ് കൂട്ട ആത്മഹത്യ ചെയ്തതാണ്.

 

Latest News