കൊല്ലം- കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ കാര്‍ തീകത്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വേളമാനൂര്‍ ഉമ മന്ദിരത്തില്‍ പരേതനായ സുകുമാരന്റെ മകന്‍
സുധി വേളമാനൂര്‍(47) ആണ് മരിച്ചത്. ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ മീനാട് പാലമുക്കിന് സമീപമായിരുന്നു സംഭവം. വീട്ടില്‍ നിന്നും കാര്‍ പരവൂര്‍ ഭാഗത്തേക്ക് പോകുന്നതിനായി
റോഡില്‍ ഇറക്കിയിട്ടതിന് പിന്നാലെ കാറില്‍ വന്‍ ശബ്ദത്തോടെ തീ ആളിപടരുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ കാറില്‍നിന്ന് ഇറങ്ങാന്‍ പറ്റിയില്ലെന്ന് കരുതുന്നു. നാട്ടുകാര്‍ ഓടികൂടി ഡോര്‍ തുറന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെങ്കിലും തീ ആളിപടരുന്നത് കണ്ട് പിന്മാറി. തുടര്‍ന്ന് പോലീസിനെയും പരവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു.
പരവൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടരുന്നത് കണ്ട് തൊട്ടടുത്ത് തന്നെ ഭാര്യയും ഭാര്യ മാതാവും ഉണ്ടായിരുന്നു. കാറിനുള്ളിലാണ് തീകത്തിയത്. കാറിന്റെ എന്‍ജിന്‍ ഭാഗത്ത് തീ കത്തിയിട്ടില്ല.






