ഉസ്താദ് ഫരീദുദ്ദീൻ മൗലവിയുടെ ഓർമക്ക് ഒരു വ്യാഴവട്ടം
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി, ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ മൂന്നു പതിറ്റാണ്ട് വഹിച്ചിരുന്ന, ഉറച്ചതും ബലിഷ്ഠവുമായ കാൽവെപ്പുകളെക്കൊണ്ട് ജീവിതത്തെ ചരിത്രമാക്കിയ, സർവാംഗ സമർപ്പിതനായി വൈജ്ഞാനിക മേഖലയിൽ ഇതിഹാസം സൃഷ്ടിച്ച മഹാമനീഷിയായിരുന്നു നൂറുൽ ഉലമ മർഹൂം ശൈഖുനാ ഫരീദുദ്ദീൻ മൗലവി. ആ ഓർമകൾക്ക് ഒരു വ്യാഴവട്ടക്കാലം പൂർത്തിയാകുന്നു.
ഓർത്തുവെക്കാൻ ഒട്ടനവധി എന്നതിനപ്പുറം ജീവിതം തന്നെ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടാൻ പര്യാപ്തമായ എണ്ണമറ്റ അടയാളങ്ങൾ ഈ ഭൂമികയിൽ സമ്മാനിച്ചാണ് അതുല്യ പരിത്യാഗിയും കാലഘട്ടത്തിന്റെ തന്നെ ഇതിഹാസവുമായിരുന്ന അദ്ദേഹം വിട പറഞ്ഞിത്. അഗതികൾക്കും അശരണർക്കും വിശിഷ്യ വിജ്ഞാനദാഹികൾക്കും നികത്താനാവാത്ത നഷ്ടമായിരുന്നു മഹാനവർകളുടെ വിയോഗം എന്നത് ഓരോ പുലരിയും സാക്ഷ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ബാഹ്യ രൂപഭാവങ്ങളിൽ പ്രൗഢവും ഗാംഭീര്യവുമാർന്ന വ്യക്തിത്വത്തിന്റെ ഉടമയായ നൂറുൽ ഉലമയോടു കൂടുതൽ അടുക്കും തോറും അനുഭവപ്പെടുന്ന ലാളിത്യവും എളിമയും എതൊരു വ്യക്തിയേയും അതിശയിപ്പിക്കുന്നതും തന്നിലേക്കുള്ള കാന്തിക വലയത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതുമായിരുന്നു. അളന്നു തൂക്കി കൃത്യമായ വാക്കുകൾ കൊണ്ടു മാത്രം സംസാരിച്ചിരുന്ന അതീവ ധിഷണാശാലിയായ അദ്ദേഹത്തിന്റെ സംസാരങ്ങളുടെ അർഥവ്യാപ്തി ഒട്ടൊന്നുമായിരുന്നില്ല എന്നു മാത്രമല്ല, അതിലുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെ കാലം തന്നെ തെളിയിക്കേണ്ടി വരുന്നതുമായിരുന്നു.
തന്റെ വാക്‌ധോരണികൾ കൊണ്ട് പ്രഭാഷണ വേദികളിൽ വിസ്മയം സൃഷ്ടിക്കുകയും എന്നാൽ സന്ദർഭത്തെ തിരിച്ചറിഞ്ഞ് സദസ്സിന് അനുയോജ്യമായതു മാത്രം തന്റെ ഭാഷണങ്ങളിൽ ഉൾപ്പെടുത്തുകയും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിൽ ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ മുഖവിലക്കെടുക്കുകയുമില്ലായിരുന്നു.
ആത്മീയ സരണിയിലെ ഗുരുവര്യന്മാരെ അളവറ്റ് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതോടൊപ്പം അവരുമായുള്ള ആത്മബന്ധം നിലനിർത്തുന്നതിൽ അതീവ തൽപരനും വിശിഷ്യ പാണക്കാട് തറവാടുമായുള്ള അടുപ്പം വാക്കിലും പ്രവൃത്തിയിലും നിരന്തരം നിഴലിച്ചു കാണാനും സാധിച്ചിരുന്നു.
പ്രചുരപ്രചാരമായ പാഠ്യപദ്ധതികളെയും നൂതന സംവിധാനങ്ങളെയും ഉൾപ്പെടുത്തി മത, ഭൗതിക വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് മാതൃക പഠന ശാലയായി പ്രവർത്തിച്ചു വരുന്ന വൈജ്ഞാനിക മേഖലയിലെ സുപ്രധാന സ്ഥാപനമായ മൂവാറ്റുപുഴ പേഴക്കാ പള്ളിയിൽ സ്ഥിതി ചെയ്യുന്ന അൽ ജാമിഅത്തുൽ ബദ്രിയ്യ എന്ന പ്രസിദ്ധ കലാലയം അദ്ദേഹത്തിന്റെ പരിശ്രമഫലത്താൽ മാത്രം രൂപപ്പെട്ടതാണ്.
നിലവിൽ നൂറുകണക്കിനു വിദ്യാർഥികൾ ഒരേ സമയം മത, ഭൗതിക വിജ്ഞാനം നേടിക്കൊണ്ടിരിക്കുകയും ഒപ്പം തന്നെ ആയിരക്കണക്കിന് പണ്ഡിത ശ്രേഷ്ഠർ അവിടെ നിന്നും ബിരുദം നേടി ഇന്ത്യക്കകത്തും പുറത്തും വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്തുവരികയും ചെയ്യുന്നു.
തന്റെ ശിഷ്യഗണങ്ങൾ പരസ്പര സഹായികളും സംഘടിതരുമായിരിക്കണമെന്ന ചിരകാലാഭിലാഷത്തിൽ നിന്നും രൂപം കൊണ്ട് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ വ്യക്തമായ കൈയൊപ്പു ചാർത്തി പ്രവർത്തിച്ചു വരുന്ന അൽബദ്‌രിസ് കൾച്ചറൽ അസോസിയേഷൻ (എ.ബി.സി.എ) എന്ന ഉലമ ഉമറ കൂട്ടായ്മ തന്റെ വിശാല കാഴ്ചപ്പാടിന്റെ ഭാഗവും പൊതുനന്മക്കു വേണ്ടിയുള്ളതുമാണ്.
കലാലയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ അവിസ്മരണീയവും അതുല്യവുമാണ്. ഗൾഫ് പര്യടന വേളയിലെ അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യവും സമീപന രീതിയും എടുത്തു പറയേണ്ടതു തന്നെയാണ്, ഒരു വ്യക്തിക്കും ഒരുവിധ ഭാരവുമാകരുത് എന്നത് നിർബന്ധമായിരുന്നു. പുത്രതുല്യം സ്‌നേഹിച്ചിരുന്ന, സർവാത്മനാ എന്തിനും എപ്പോഴും തയാറുള്ള വിനീതനായ എന്നിൽ നിന്നു പോലും ശാരീരികമോ സാമ്പത്തികമോ ആയ ഒരു വിധ സഹായവും സ്വീകരിക്കുകയില്ലായിരുന്നു എന്നു മാത്രമല്ല, എനിക്കോ മറ്റാർക്കെങ്കിലുമോ പ്രയാസമായേക്കുമോ എന്നു കരുതി വരുന്ന തീയതി തന്നെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നില്ല.
താമസ സ്ഥലത്തെ റൂമിൽ മുട്ടുമ്പോൾ മാത്രമായിരുന്നു ശൈഖുനാ വന്നു എന്നറിയുക തന്നെ. എത്ര ദിവസം ഗൾഫിൽ കഴിച്ചുകൂട്ടുന്നുവോ അത്രയും ദിവസത്തെ റും വാടകയും ഭക്ഷണത്തിന്റെ തുകയും കൊടുക്കുകയും പാചക മുറിയിൽ നിന്നും തന്റെ റൂമിലേക്ക് ഭക്ഷണം എത്തിച്ചു തന്നിരുന്ന പാചകക്കാരനു പോലും അനുയോജ്യമായ തുകയും കൊടുത്തിട്ടല്ലാതെ ഒരിക്കൽ പോലും അദ്ദേഹം മടങ്ങിയിട്ടില്ല.
മൂവാറ്റുപുഴ പേഴക്കാ പള്ളി പുരാതന കുടുംബാംഗമായ മർഹൂം മുഹ്‌യുദ്ദീൻ സാഹിബിന്റെയും മർഹൂമ ചിത്തുമ്മ സാഹിബയുടെയും മകനായി 1936 ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം മൂവാറ്റുപുഴയിൽ തന്നെയായിരുന്നു പിന്നീട് ഈരാറ്റുപേട്ട, വേങ്ങര, കണ്ണൂർ, പാപ്പിനിശേരി എന്നിവിടങ്ങളിൽ നിന്നും പഠനം നടത്തുകയും ഉപരിപഠനാർഥം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിൽ ചേർന്ന് പഠിച്ച് ബാഖവി ബിരുദം നേടുകയും ചെയ്തു. മർഹൂം ഒ.ബി. തഖ്‌യുദ്ദീൻ ഫരീദുദ്ദീൻ മുസ്ലിയാരുടെ മകൾ മർഹുമ സൈനബ ഹജുമ്മ ഭാര്യയും തലക്കടത്തൂർ അവറാൻ കുട്ടി മുസ്ലിയാർ, വാളക്കുളം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, മമ്മിക്കുട്ടി മുസ്ലിയാർ എന്നിവർ പ്രധാന ഉസ്താദുമാരും വി.എം. മൂസ മൗലവി, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവർ സഹപാഠികളും സമകാലീനരുമാണ്. മർഹൂം അലിയാർ മൗലവി അൽ ഖാസിമി ചെറുവത്തൂർ, ഹംസ മൗലവി അൽബദ്‌രി ബാഖവി ഉടുമ്പന്നൂർ, ശൈഖ് അഹമ്മദ് നൂർ മൗലവി അൽ ബാഖവി കുഴിവേലിപ്പടി എന്നിവർ പ്രധാന ശിഷ്യന്മാരുമാണ്.
എറണാകുളം ജില്ലയിലെ പല്ലാരിമംഗലം, കണ്ടന്തറ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുകയും ശേഷിച്ച കാലമത്രയും അൽജാമിഅത്തുൽ ബദ്രിയ്യയിൽ പ്രധാനാധ്യാപകനും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ച ആ ജ്യോതിസ്സ് ആയിരങ്ങൾക്കു ഉൾവെളിച്ചം നൽകിയ ചാരിതാർഥ്യത്തോടെയാണ് അണഞ്ഞുപോയത്.






