കേരളത്തിലും ജാതി വിവേചനത്തിന്റെ വിഷവിത്തുകൾ

രാജ്യത്തെ പല ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിൽ നിന്നും ദളിത് പീഡനങ്ങളുടെ വാർത്തകൾ നിരന്തരമായി പുറത്തു വരുമ്പോഴൊക്കെ പ്രതികരിക്കുകയും ഒപ്പം ഇതു കേരളമാണ്, കേരളത്തിൽ അതൊന്നും നടക്കില്ല എന്നും അഹങ്കരിക്കുകയും ചെയ്യുന്നവരാണ് വലിയൊരു വിഭാഗം മലയാളികളും. 
നിരന്തരമായ വിവേചനത്തെ തുടർന്ന് എന്റെ ജനനമാണ് എന്റെ കുറ്റമെന്നു പറഞ്ഞ് ഹൈദരാബാദിൽ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ രാജ്യത്തെ പല ഭാഗത്തും ശക്തമായ പ്രതിഷേധങ്ങളുണ്ടായെങ്കിലും കേരളത്തിലെ കാമ്പസുകൾ പൊതുവിൽ നിശ്ശബ്ദമായിരുന്നു. കാരണം ഇവിടെ ജാതിയില്ല എന്ന നമ്മുടെ അന്ധവിശ്വാസം തന്നെ. എന്നാലിപ്പോൾ നമ്മൾ ജാതിയെ മറികടന്നവരാണെന്ന മിത്തിൽ കടിച്ചു തൂങ്ങുന്നവരുെട നേരെ വിരൽ ചൂണ്ടുന്ന വാർത്തകളാണ്, കേരളത്തിന്റെ അഭിമാനമെന്നഹങ്കരിക്കുന്ന, ആദ്യ ദളിത് പ്രസിഡന്റ് കെ.ആർ. നാരായണന്റെ പേരിലുള്ള  നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സിൽ നിന്നു പുറത്തു വരുന്നത്. അവ ജാതീയ വിവേചന വാർത്തകൾ തന്നെ.  വൈകിയാണെങ്കിലും ചെറിയ തോതിലുയർന്ന പ്രതിഷേധങ്ങളെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. 
ശങ്കർ മോഹൻ ഡയറക്ടറായി വന്നതു മുതലാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ വലിയ രീതിയിലുള്ള ജാതി വിവേചനം നടക്കുന്നതെന്നാണ് ആരോപണം. സ്ഥാപനത്തിന്റെ ചെയർമാൻ സാക്ഷാൽ അടൂർ ഗോപാലകൃഷ്ണന്റെ പിന്തുണയും ഡയറക്ടർക്കുണ്ടെന്ന് ആരോപണമുണ്ട്. മറ്റു പലയിടത്തുമെന്നപോലെ ദളിത് വിദ്യാർത്ഥികളുടെ ഭരണഘടനാ അവകാശമായ സംവരണത്തോടുള്ള അസഹിഷ്ണുതയാണ് വിഷയത്തിലെ അടിയൊഴുക്ക് എന്നത് വ്യക്തമാണ്. ഡയറക്ടറുടെ അനാസ്ഥ മൂലം ഗ്രാന്റുകളും ഫെലോഷിപ്പുകളും കൃത്യമായി ലഭിക്കാതെ വന്നതോടെ ഭക്ഷണത്തിന്റെ ഫീസ് പോലും കൊടുക്കാനാകാതെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർ പോലും അവിടെയുണ്ട്. പലപ്പോഴും  സംവരണം  അട്ടിമറിക്കപ്പെടന്നു. അത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഓരോ കോഴ്സിലും കൃത്യമായി സംവരണം പിന്തുടരണം എന്നിരിക്കേ, മുഴുവൻ പി.ജി ഡിപ്ലോമ കോഴ്സിലേക്കുമായാണ് സംവരണാടിസ്ഥാനത്തിൽ ദളിത് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. ഇതുവഴി സംവരണം അട്ടിമറിക്കുകയാണ്. ശരത് എന്ന വിദ്യാർത്ഥി ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്.  അനന്തപത്മനാഭൻ എന്ന വിദ്യാർത്ഥിയെ നേരത്തെ പുറത്താക്കിയിട്ടുണ്ട്. ക്ലീനിംഗ് തൊഴിലാളികളെക്കൊണ്ട്  ഡയറക്ടറുടെ വീട്ടിലെ പണികളും എടുപ്പിക്കുന്നതായാണ് മറ്റൊരു പരാതി. അവിടെയാകട്ടെ തങ്ങൾക്ക് കടുത്ത ജാതീയ അവഹേളനം നേരിടണ്ടിവരുന്നതായും തൊഴിലാളികൾ പറയുന്നു. 
സംഭവവുമായി ബന്ധപ്പെട്ട്  വിദ്യാർത്ഥി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. പ്രസ്താവനയുടെ പൂർണ രൂപമിങ്ങനെ: 'ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ദളിത് വിഭാഗത്തിൽ നിന്നും പരിമിതമായ സാഹചര്യങ്ങളെ തന്റെ ഇഛാശക്തികൊണ്ടും കഴിവുകൾ കൊണ്ടും അതിജീവിച്ച് രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ എത്തിച്ചേർന്ന ഡോ. കെ.ആർ. നാരായണന്റെ നാമധേയത്തിലുള്ള ഈ സ്ഥാപനത്തിൽ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വിദ്യാർത്ഥികളോടും സ്റ്റാഫിനോടുമുള്ള ജാതീയമായ വിവേചനങ്ങൾ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്. ദളിത് വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന വിവേചനങ്ങളെ ഞങ്ങൾ വിദ്യാർഥികൾ ശക്തമായി അപലപിക്കുന്നു. ശങ്കർ മോഹൻ ഇനിയും സ്ഥാപനത്തിന്റെ അധ്യക്ഷ പദവിയിൽ തുടരുന്നത് സ്ഥാപനത്തിന്റെ അന്തഃസത്തക്ക് കളങ്കവും വിദ്യാർത്ഥികൾക്ക് അങ്ങേയറ്റം അപമാനകരവുമാണ്. ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ശങ്കർ മോഹൻ എത്രയും വേഗം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു വിദ്യാർഥികൾ  അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവുകയാണ്.'
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സ് കൗൺസിലിൽ നൽകിയ കത്തിനോടുള്ള അടൂരിന്റെ പ്രതികരണമാണ് സംഭവത്തെ കൂടുതൽ വഷളാക്കിയത്. കത്തിൽ എഴുതിയതെല്ലാം അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ് തള്ളുകയാണ് അദ്ദേഹം ചെയ്തത്. ചിലർ അവരുടെ തന്നെ കുഴപ്പങ്ങൾ മൂലം പുറത്താകുമെന്ന പേടി കൊണ്ടാണ് ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്. അതിൽ വിദ്യാർഥികളും ജീവനക്കാരും  ഉദ്യോഗസ്ഥരുമുണ്ട് എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ വാദം. 
ശങ്കർ മോഹനെ 'കുലീന കുടുംബത്തിൽ ജനിച്ചയാൾ' എന്നാണ് അടൂർ വിശേഷിപ്പിച്ചത്. തന്നോട് കൺസൾട്ട് ചെയ്ത ശേഷം മാത്രമേ അവിടെ എന്തും നടപ്പാക്കുന്നുള്ളൂ എന്നും അടൂർ കൂട്ടിച്ചേർത്തു. എല്ലാ ആരോപണങ്ങളും നിഷേധിച്ച് ഡയറക്ടറും രംഗത്തുണ്ട്. അതിനിടെ താമസ സൗകര്യം നിഷേധിച്ച് ഐഎഫ്എഫ്‌കെയിൽ പങ്കെടുക്കാനുള്ള അവസരം വിദ്യാർത്ഥികൾ്ക്ക് നിഷേധിക്കുകയും ചെയ്തു. 
അടൂരിനുള്ള മറുപടിയായി വിദ്യാർത്ഥികൾ നൽകിയ തുറന്ന കത്തിൽ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നു. 'ഞങ്ങൾ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി അറിയുന്നു. പെൺകുട്ടികളും മലയാളം സംസാരിക്കാൻ പോലും അറിയാത്ത വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തെ രാത്രി 11 മണി വരെ, നൽകിയ മുറി വരെ കാൻസൽ ചെയ്ത് തിരുവനന്തപുരം നഗരത്തിൽ ഇറക്കിവിട്ടതിന് താങ്കൾ നൽകിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട 5 സ്ത്രീകളുടെ തുറന്നുപറച്ചിലുകളെ നിലനിൽപിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂർവം വായിച്ചു.
താങ്കൾ ചെയർമാനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാർഥികളും ജീവനക്കാരും വളരെയേറെ ഗൗരവപരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ താങ്കൾ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാർഥികളോടൊ സംസാരിച്ചിട്ടുണ്ടോ?, വിദ്യാർഥികൾ വളരെ വിശദമായി താങ്കൾക്ക് നൽകിയ പരാതിയിന്മേൽ മറുപടിയോ ഒരു ചർച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കൾ ഞങ്ങൾ പറഞ്ഞത് മുഴുവൻ നുണയാണ് എന്നും ഞങ്ങൾ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്? ഞങ്ങളുടെ ഏതു പ്രവൃത്തിയാണ് ഈ ആരോപണങ്ങൾക്ക് താങ്കളെ പ്രേരിപ്പിച്ചത്? താങ്കൾ സത്യവാചകം ചൊല്ലിത്തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്സ് കൗൺസിൽ ആണ് ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കർ മോഹനെ 'കുലീന കുടുംബത്തിൽ ജനിച്ചയാൾ' എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാർ ഒരാളുടെ കുടുംബ പശ്ചാത്തലം അയാൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയാകുന്നത്? എന്തുകൊണ്ടാണ് താങ്കൾ ഈ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്? സംവരണ ലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ വസ്തുത വിരുദ്ധമാണ് എന്ന് താങ്കൾ പറഞ്ഞുവല്ലോ. പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷൻ ഡിപ്പാർട്ട്മെന്റിലെ മുഴുവൻ സീറ്റിലും ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് മാത്രം അഡ്മിഷൻ ലഭിച്ചത്?

Latest News