Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

മോഡിക്കെന്താണ് ചൈനയുമായി ബന്ധം; എന്തിനാണ് ഒളിച്ചോടുന്നത്-കോണ്‍ഗ്രസ്

ദൗസ-അതിര്‍ത്തിയിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഏറ്റുമുട്ടല്‍ സംബന്ധിച്ച ചര്‍ച്ചയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഈ വിഷയത്തില്‍ നിന്ന് മോഡി സര്‍ക്കാര്‍ ഒളിച്ചോടുന്നത് എന്തിനാണെന്നാണ് പാര്‍ട്ടിയുടെ ചോദ്യം.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയെക്കുറിച്ച് മൗനം പാലിക്കുന്നതെന്നും അതേക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണെന്നും എഐസിസി മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര കുറ്റപ്പെടുത്തി.
മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മന്ദാരിന്‍ ഭാഷ കൊണ്ടുവരാന്‍ അദ്ദേഹം അതീവ തല്‍പരനായിരുന്നുവെന്ന് ഖേര ആരോപിച്ചു. ഈ നിര്‍ദ്ദേശം കോണ്‍ഗ്രസ് അന്ന് ശക്തമായി എതിര്‍ത്തിരുന്നു.
ഇന്ത്യന്‍ പരമാധികാരത്തിന് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ചൈനീസ് കമ്പനിയെ തെരഞ്ഞെടുപ്പില്‍ ബിജെപി ഉപയോഗിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ലോകബാങ്ക്, യുഎസ്എ, യൂറോപ്പ് എന്നിവ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിക്ക് ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ചൈന വിഷയത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും കണ്ണടയ്ക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. രാജസ്ഥാനിലെ ദൗസയിലെ ഭാരത് ജോഡോ യാത്രയുടെ പ്രഭാത ഇടവേളയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഖേര പറഞ്ഞു.

നമ്മുടെ സൈനികര്‍ ധീരരാണ്, അവര്‍ ചൈനീസ് പട്ടാളക്കാരെ പിന്തിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സൈന്യത്തെക്കുറിച്ച് നമ്മള്‍ അഭിമാനിക്കുന്നു, പക്ഷേ പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍ നമ്മുടെ അതിര്‍ത്തികള്‍ എങ്ങനെ സുരക്ഷിതമാകുമെന്ന് അദ്ദേഹം ചോദിച്ചു.

ചൈനയുമായി എന്താണ് മോഡിയുടെ ബന്ധമെന്നറിയില്ല.  എന്തൊക്കെയാണ് നിബന്ധനകളെന്നും അറിയില്ല. എന്നാല്‍ ഇക്കാര്യം  അറിയണം. രാജ്യം മുഴുവന്‍ അതറിയാന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
പ്രാദേശിക എംഎസ്എംഇ യൂണിറ്റുകള്‍ക്കായി ഗുജറാത്തിലെ ദോലേരയില്‍ ചൈനീസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചുവെന്നും ഖേര കുറ്റപ്പെടുത്തി.

ചൈനീസ് കമ്പനികള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്തിട്ടുണ്ടെന്നും ഈ നീക്കത്തിന് പിന്നിലെ അവരുടെ ഉദ്ദേശ്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സൈനിക വിദഗ്ധര്‍ സര്‍ക്കാരിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചൈന അരുണാചല്‍ പ്രദേശിലെ 15 പ്രദേശങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്തു. ഒരു ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി. പക്ഷേ എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിശബ്ദത? സര്‍ക്കാരിന്റെ മൗനത്തിനു പിന്നിലെ കാരണമെന്താണ്.  
1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് അടല്‍ ബിഹാരി വാജ്‌പേയി ആവശ്യപ്പെട്ടിരുന്നുവെന്നും നെഹ്‌റു അത് അംഗീകരിച്ചുവെന്നും ഖേര പറഞ്ഞു.
ഇത് ഒരു രഹസ്യ സംവാദമാണെന്നും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്നും ഒരു എംപി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അത് നിരസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചരിത്രത്തിന്റെ താളുകളില്‍ നിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐക്യത്തോടെ പോരാടുമെന്നും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് ഖേര മറുപടി നല്‍കി.
സംഘടന ഏതൊരു വ്യക്തിക്കും മുകളിലാണെന്നും വ്യക്തികള്‍ വരികയും പോകുകയും ചെയ്യുമെന്നും ജയറാം രമേശ് പറഞ്ഞു. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News