മലപ്പുറം (നന്നമ്പ്ര) - സ്‌കൂൾ ബസിൽനിന്നും ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ തെയ്യാല കല്ലത്താണിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷിച്ച് ഉടനെ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. മരണം അതീവ ദുഖകരമാണെന്നും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ഇന്ന് പരീക്ഷ കഴിഞ്ഞ് സ്‌കൂൾ ബസിൽ വീട്ടിലേക്കു മടങ്ങവെ ഉച്ചയോടെയാണ് ദാരുണമായ അപകടം ഉണ്ടായതത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാര പരിധിയിലുള്ള താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ്.എൻ യു.പി സ്‌കൂളിലെ വി ഷെഫ്‌ന
ഷെറിൻ (9) എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്.
ഷെഫ്‌നയുടെ മരണം നാടിന്റെ നോവായിരിക്കുകയാണ്. സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയിലെത്തിയ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. സ്‌കൂൾ ബസിൽനിന്നും ഇറങ്ങിയ കുട്ടി ബസിന്റെ പിറകുവശത്തുകൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ എതിർദിശയിൽനിന്ന് വേഗതയിലെത്തിയ ഗുഡ്‌സ് ഓട്ടോയുടെ ഇടിയുടെ ശക്തിയിൽ റോഡിൽ വീണ കുട്ടിയുടെ ദേഹത്ത് കൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റമോർട്ടത്തിനുശേഷം നാളെ (വ്യാഴം) തട്ടതല ജുമാ മസ്ദിദ് ഖബർസ്ഥാനിൽ മറവു ചെയ്യും. നന്നമ്പ്ര എസ്.എൻ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെയും ഉമ്മു കുൽസുവിന്റെയും മകളാണ്. മുഹമ്മദ് അൻഷിഫ്, മുഹമ്മദ് അയാസ് എന്നിവർ സഹോദരങ്ങളാണ്.
അതിനിടെ, വിദ്യാർത്ഥിനി സഞ്ചരിച്ച സ്‌കൂൾ ബസ് നിയമം ലംഘിച്ചാണ് സർവീസ് നടത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സ്‌കൂൾ ബസ് ടാക്‌സ് അടച്ചിട്ടില്ലെന്നും സ്പീഡ് ഗവേർണർ ഘടിപ്പിച്ചിട്ടില്ലെന്നും ഹാൻബ്രേക്കില്ലെന്നും പരിശോധനയിൽ വ്യക്തമായി.ഡ്രൈവർക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. കുട്ടിയുടെ മരണത്തിനിടയാക്കിയ ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌കൂൾ ബസിൽ നിന്ന് കുട്ടികൾ ഇറങ്ങുന്നത് കണ്ടിട്ടും വേഗത കുറച്ചില്ലെന്നും ഗുഡ്‌സ് ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കിയതായും പോലീസ് വ്യക്തമാക്കി.
സ്‌കൂൾ ബസിൽ ആയ ഇല്ലാത്തതിന് സ്‌കൂൾ മാനേജ്‌മെന്റിനെതിരെയും പ്രധാനാധ്യാപകനെതിരെയും നടപടി വേണമെന്ന് ജില്ലാ കലക്ടർക്ക് ശിപാർശയും നൽകിയതായും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.